ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല സ്ത്രീയെന്ന് കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർഥി യു.പ്രതിഭ മനോരമ ന്യൂസിനോട് . തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥിയുടെ വ്യക്തിപരമായ കാര്യങ്ങൾ അല്ല ചർച്ച ചെയ്യേണ്ടത്. കാഴ്ചപ്പാടുകൾ നന്നായാൽ സ്ത്രീകൾക്കെതിരായ അധിക്ഷേപം അവസാനിക്കും. അധിക്ഷേപങ്ങൾക്കു മുന്നിൽ കീഴടങ്ങില്ല, ധൈര്യപൂർവം അതിജീവിക്കുമെന്ന് പ്രതിഭ പറഞ്ഞു. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മുഖ്യമന്ത്രി എന്നും ഇരകൾക്കൊപ്പമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും പ്രതിഭ പറഞ്ഞു. 

 

അതേസമയം, കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്ക് എതിരായ ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇന്ന് പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനും കലക്ടർക്കും പരാതി നൽകുമെന്ന് സിപിഎം–എല്‍ഡിഎഫ് നേതാക്കൾ. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും പരാതി നൽകുക. ഇടത് വനിത യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഭയ്ക്ക് പിന്തുണയർപ്പിച്ച് കായംകുളത്ത് ഇന്ന് രാവിലെ 10ന് വനിതകൾ പങ്കെടുക്കുന്ന പ്രകടനം നടക്കും.

 

തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരായ രാഷ്ട്രീയ ആയുധമായി ഇത് ഉപയോഗിക്കാനാണ് നീക്കം. യു.ഡി.എഫ് സ്ഥാനാർഥി എം.ലിജു തന്നെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. മോശം പരാമർശം നടത്തിയ എ.ഇർഷാദിനെ യു.ഡി.എഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുകയും ലീഗിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകരെയും സ്വന്തം പാർട്ടി പ്രവർത്തകരെയും അധിക്ഷേപിച്ച യു.പ്രതിഭയുടെ സമൂഹ മാധ്യമ പോസ്റ്റുകൾ യു.ഡി.എഫ് പ്രവർത്തകരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ENGLISH SUMMARY:

LDF candidate U. Prathibha has strongly reacted to misogynistic remarks made against her during the Kayamkulam election campaign, stating that she will not surrender to insults and will face them with courage. She emphasized that women should not be targeted personally in political contests and called for a change in societal attitudes toward women. CPM–LDF leaders have announced legal action, with complaints to be filed before the police, Election Commission, and District Collector. The issue has intensified political tensions, with both LDF and UDF engaging in sharp exchanges.