നീറ്റ് ചോദ്യചോര്‍ച്ചയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. എത്രസമയം വേണമെങ്കിലും ചര്‍ച്ചയാകാമെന്ന് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ. വിദ്യാർഥി പ്രക്ഷോഭങ്ങളെ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്നും നഡ്ഡ പറഞ്ഞു. വിദ്യാർഥികളുടെ ആവശ്യങ്ങൾ സർക്കാരിന് അറിയാമെന്നും എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്നും നഡ്‍ഡ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി അല്ലാതെ മറ്റ് പരിഹാരമില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും പാര്‍ലമെന്റ് മാര്‍ച്ചിനെതിരെ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ നടപടി വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ധര്‍മേന്ദ്ര പ്രധാനും ബന്ധമുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
കയ്യില്‍ കറുത്ത റിബണ്‍കെട്ടിയാണ് രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് വാര്‍ത്ത സമ്മേളനത്തിന് എത്തിയത്. ഒരു ദശാബ്ദത്തിനിടെ നടന്നത് നൂറ്റി അൻപത്തിരണ്ട് ചോദ്യപേപ്പർ ചോർച്ചകളാണെന്നും ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ആരംഭിച്ചത്. പാര്‍ലമെന്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയെ രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ രാജി അല്ലാതെ മറ്റൊരുമാര്‍ഗമില്ലെന്ന് രാഹുല്‍. മന്ത്രിയുടെ പശ്ചാതലം അറിയുന്നത് കൊണ്ടാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രധാനും ബന്ധമുണ്ടെന്ന് ആരോപിക്കുന്നതെന്നും രാഹുല്‍ ഗാന്ധി.
പ്രധാന്റെ രാജിക്കും മോദിയുടെ മാപ്പിനും ശേഷം വിദ്യാഭ്യാസ മേഖല ഉടച്ച് വാര്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ തീവ്രവാദികളല്ല, അവർ രാജ്യത്തിന്റെ ഭാവിയാണ്. അവരെ സംരക്ഷിക്കാന്‍ ഇനിയും ഇടി കൊള്ളാന്‍ തയ്യാറാണ്. പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും തന്നെ പിടിച്ചുകൊണ്ട് പോയ പൊലീസുകാരും പറഞ്‍ത് ഭരണമാറ്റം വേണമെന്നാണെന്നും രാഹുല്‍ ഗാന്ധി
സമരക്കാര്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും ആവര്‍ത്തിച്ച് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാഹുല്‍ സിജെപിയെ എവിടെയും പരാമര്‍ശിച്ചില്ല.