സിപിഎം പുറത്താക്കിയതിനെത്തുടര്‍ന്നു സ്വതന്ത്രനായി മത്സരിക്കുന്ന പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്‍, സിപിഎം നേതാവ് ശ്രീമതി ടീച്ചർക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രം​ഗത്ത്. വി കുഞ്ഞികൃഷ്ണൻ പയ്യന്നൂർ അസംബ്ലി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സ്വന്തം ഭാര്യയുടെ പോലും സമ്മതമില്ലാതെ ആണെന്ന് ശ്രീമതി ടീച്ചർ പറഞ്ഞിരുന്നു. ഇതിന്  കുഞ്ഞികൃഷ്ണന്റെ ഭാര്യ പിപി കോമളവല്ലി നൽകിയ മറുപടിയാണ് തുറന്ന കത്തെന്ന രൂപത്തിൽ അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

പ്രിയപ്പെട്ട ശ്രീമതി ടീച്ചർക്ക് ഒരു തുറന്ന കത്ത്. 

ടീച്ചറെ, നിങ്ങൾ എന്തിനാണ് ഇങ്ങനെ പച്ചക്കള്ളം വിളിച്ചു പറഞ്ഞ് ജനങ്ങളുടെ മുന്നിൽ അപഹാസ്യ കഥാപാത്രമാകുന്നത്? എൻ്റെ ഭർത്താവ് സഖാവ് വി കുഞ്ഞികൃഷ്ണൻ പയ്യന്നൂർ അസംബ്ലി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സ്വന്തം ഭാര്യയുടെ പോലും സമ്മതമില്ലാതെ ആണെന്നാണ് ടീച്ചർ വെള്ളൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞത്. എൻ്റെ ടീച്ചറെ, ഞങ്ങളുടെ കുടുംബം ഒന്നായി എടുത്ത തീരുമാനത്തിന്റെ ഭാഗമായി കൂടിയാണ് സഖാവ് വി കുഞ്ഞികൃഷ്ണൻ മത്സരത്തിനിറങ്ങിയത്. ഒരു നിലയ്ക്കും മത്സരിക്കുന്നില്ല എന്ന നിലപാടായിരുന്നു ആദ്യം മുതൽക്ക് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പാർട്ടിക്ക് അകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി ആളുകൾ വീട്ടിൽ വന്ന് സമ്മർദ്ദം ചെലുത്തിയിട്ടും അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. 

എന്നാൽ രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള പാർട്ടി ഫണ്ടുകൾ വെട്ടിപ്പ് നടത്തിയ ആളെ തന്നെ, ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സ്ഥാനാർത്ഥി ആക്കിയപ്പോൾ അദ്ദേഹം തുടങ്ങി വച്ച സമരത്തിന്റെ തുടർച്ച എന്ന നിലയിൽ ഞങ്ങളോട് എല്ലാവരോടും ആലോചിച്ചു കൊണ്ട് തന്നെയാണ് അദ്ദേഹം മത്സര രംഗത്തേക്ക് വന്നിട്ടുള്ളത്. ഞാൻ വെള്ളൂർ ലോക്കൽ കമ്മറ്റി അംഗമായിരുന്നു. ഇതുപോലെ അഴിമതിക്കാരനായ ഒരാളെ സംരക്ഷിക്കാൻ തയ്യാറാകുന്ന പാർട്ടിയിൽ ഇനിയും തുടരാൻ എനിക്ക് കഴിയില്ല എന്ന നിലപാട് ഞാൻ എടുത്തത് എന്റെ മക്കളുടെ കൂടെ അഭിപ്രായത്തെ പരിഗണിച്ചു കൊണ്ടാണ്.  

ഞാൻ വി കുഞ്ഞികൃഷ്ണൻ എന്ന മനുഷ്യനെ കല്യാണം കഴിച്ചത് മുതൽ അദ്ദേഹത്തോട് ചേർന്ന്, എന്നെ കൊണ്ട് കഴിയുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്ന ആളാണെന്നും, ഞങ്ങളുടേത് അക്ഷരാർത്ഥത്തിൽ ഒരു പാർട്ടി കുടുംബമാണെന്നും ടീച്ചർക്ക് വളരെ നന്നായി അറിയാമല്ലോ. പാർട്ടിക്കെതിരെ പല വിമർശനങ്ങളും ഞങ്ങൾക്കുണ്ടെങ്കിലും ഒരിക്കലും ഇങ്ങനെ ഒരവസ്ഥയിലേക്ക് ഈ പാർട്ടി എത്തുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. ഇത് തീക്കട്ടെയെ ഉറുമ്പരിക്കുന്ന അവസ്ഥ ആയി പോയി. അത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ആയിട്ട് ഇതിനെ ഇപ്പോൾ കാണാൻ എനിക്ക് വിഷമമുണ്ട്. 

ടീച്ചർ ഇതിന് മുമ്പും എൻ്റെ ഭർത്താവിനെ കുറിച്ച് നട്ടാൽ മുളയ്ക്കാത്ത കളവ് പറഞ്ഞതായി അദ്ദേഹം പറഞ്ഞെനിക്കറിയാം. സാഹിത്യകാരൻ ടി പത്മനാഭനെ കാണാൻ വി കുഞ്ഞികൃഷ്ണൻ പോയി എന്നതായിരുന്നു അത്. ഇങ്ങനെയൊക്കെ കള്ളം പറയാൻ ടീച്ചർക്ക് കഴിയും എന്ന് മനസ്സിലാക്കുമ്പോൾ ഞാൻ നിങ്ങളോട് സഹതപിക്കുകയാണ്. നിങ്ങളൊക്കെ വലിയ അഖിലേന്ത്യാ നേതാവല്ലേ? ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കാൻ എങ്കിലും ടീച്ചർ തയ്യാറാവണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. 

ഞാനും എന്റെ ഭർത്താവും ഒന്നിച്ചും ഒത്തൊരുമിച്ചും തന്നെയാണ് മുന്നോട്ട് പോകുന്നത്. അത് ഏത് പ്രതിസന്ധി ഘട്ടത്തിലും അങ്ങനെ ആയിരിക്കുകയും ചെയ്യും. അതിൽ ടീച്ചർക്ക് സംശയം ഉണ്ടെങ്കിൽ ഞങ്ങളുടെ വീടറിയാല്ലോ, ഇവിടെ വന്നാൽ കാര്യങ്ങൾ ബോധ്യപ്പെടും. ടീച്ചറുടെ അനുഭവം വെച്ചായിരിക്കുമല്ലോ മറ്റുള്ളവരെ അളക്കുന്നത് അത് ശരിയാണോ എന്ന് താങ്കൾ തന്നെ ആലോചിക്കുക. കൂടുതലൊന്നും ഞാൻ പറയുന്നില്ല 

ഒരഭ്യർത്ഥന മാത്രം.

ജനങ്ങൾക്ക് മുന്നിൽ കളവ് പറഞ്ഞ് ടീച്ചർ അപഹാസ്യയാകുന്നതിൽ എനിക്ക് പ്രയാസമില്ല. പക്ഷെ പാർട്ടി കേന്ദ്ര കമ്മറ്റി അംഗവും, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ ഒരാൾ ഇങ്ങനെ പരിഹാസ്യയാകുന്നതിൽ എനിക്ക് വിഷമമുണ്ട്. 

സ്നേഹപൂർവ്വം,

പിപി കോമളവല്ലി. 

ENGLISH SUMMARY:

V Kunhikrishnan, a CPM expelled candidate contesting as an independent in Payyanur, has responded to allegations made by CPM leader Sreemathi Teacher. P P Komalavalli, V Kunhikrishnan's wife, posted an open letter on Facebook refuting Sreemathi Teacher's claims that her husband's candidacy lacked his wife's consent.