കണ്ണൂരിൽ സിപിഎം വിലക്ക് മറികടന്നും നേതൃമാറ്റം ആവശ്യപ്പെട്ട് ഫ്ലക്സുകൾ ഉയരുന്നു. പി ജയരാജനും എം സ്വരാജിനും വേണ്ടിയാണ് അണികൾ മുറവിളി ഉയർത്തുന്നത്. പാർട്ടിയെ ആശയത്തിനപ്പുറം ആമാശയ മാർഗമാക്കി മാറ്റുന്നവർ നേതൃത്വത്തിൽ ഇരിക്കുമ്പോഴാണ് അണികൾ അകലുന്നത് എന്നാണ് വിമർശനം. ഫ്ലക്സ് ബോർഡുകൾ വെക്കുന്നത് പാർട്ടി ശത്രുക്കൾ ആണെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. 

ഫ്ലക്സുകൾ ഉയർത്തുന്നത് പാർട്ടിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും പാർട്ടി ശത്രുക്കളാണ് ഇതിന് പിന്നിലെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവന. പാർട്ടി അനുഭാവികൾ ഇതിൽ നിന്ന് പിന്തിരിയണമെന്നാണ് സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കണ്ണൂരിലെ കോട്ടകളിൽ ഇപ്പോഴും നേതൃത്വത്തിനെതിരെ ഫ്ലക്സുകൾ ഉയരുന്നു. ഇവർ നയിക്കട്ടെ ഇവരാണുത്തമം എന്ന വാചകത്തോടെ പി.ജയരാജന്‍റെയും എം.സ്വരാജിന്‍റെയും ചിത്രം ഉൾപ്പടുത്തിയാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത്.

പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കളെയാണ് പാർട്ടിക്ക് വേണ്ടത്  എന്നും ആവശ്യങ്ങൾക്ക് പാർട്ടിയെ ഉപയോഗിക്കുന്ന നേതാക്കളെയല്ല വേണ്ടതെന്നും ബ്ലാത്തൂർ സഖാക്കളുടെ പേരിൽ ഉയർത്തിയ ഫ്ലക്സിൽ കടുത്ത വിമർശനം ഉയർത്തുന്നു. 

ജനങ്ങളിൽ നിന്ന് തുടങ്ങുക ജനങ്ങളിലേക്ക് മടങ്ങുക എന്ന തലക്കെട്ടോടെയാണ് പെരളശ്ശേരി തൃക്കപാലത്തെ ഫ്ലക്സ് . പാർട്ടി പ്രവർത്തനം ആശയ പോരാട്ടത്തിനപ്പുറം  ആമാശയമാർഗമായി മാറ്റുന്നവർ നേതൃത്വത്തിൽ ഇരിക്കുമ്പോഴാണ് അണികൾ പാർട്ടിയിൽ നിന്ന് അകലുന്നത്. പ്രത്യയശാസ്ത്രത്തെ ജീവിതം കൊണ്ട് വരച്ചുകാട്ടിയവർ നയിക്കട്ടെ എന്നും പി ജയരാജന്‍റെ ചിത്രം വെച്ചുള്ള ഫ്ലെക്സിൽ പറയുന്നു. നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ഫ്ലക്സ് ബോർഡുകൾക്കെതിരെ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ രംഗത്ത് വന്നു. ഫ്ലക്സ് വെക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നും പാർട്ടിയോട് താല്പര്യം ഉള്ളവരല്ല ഇത് ചെയ്യുന്നതെന്നും ഇ പി ജയരാജൻ. അതേസമയം പയ്യന്നൂരിലും സി പി എം നേതാക്കൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പാർട്ടിയെ ഒറ്റിയവർ എന്ന പേരിൽ മുൻ എം എൽ എ സി കൃഷ്ണൻ, ഏരിയ സെക്രട്ടറി പി സന്തോഷ്‌, സരിൻ ശശി തുടങ്ങിയവർക്കെതിരെയാണ് പോസ്റ്ററിൽ പരാമർശം . ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സി പി എമ്മിനെ സംരക്ഷിക്കുക എന്നും പോസ്റ്ററുകളിലുണ്ട്.

ENGLISH SUMMARY:

CPM flexes in Kannur demanding leadership change, featuring P Jayarajan and M Swaraj. These displays highlight criticism of the party becoming a 'stomach's path' over ideology, with CPM leaders like E P Jayarajan condemning them as anti-party actions