കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിചര്‍ച്ച മുറുകുമ്പോള്‍ വിഡി സതീശനായി തെരുവിലിറങ്ങി ജനം. 'പട നയിച്ചവന്‍ നാട് നയിക്കട്ടെ' എന്ന ഫ്ളക്സ് ഉയര്‍ത്തി അണികള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം തെരുവിലിറങ്ങി. സാമൂഹിക കൂട്ടായ്മയുടെ ബാനറിലാണ് തിരുവനന്തപുരം പാളയത്തുനിന്ന് സെക്രട്ടേറിയറ്റിലേക്കാണ് മാര്‍ച്ച് നടന്നത്. സതീശന്‍ ഞങ്ങളുടെ ബാഹുബലിയെന്ന് അനുകൂലികള്‍ മുദ്രാവാക്യം വിളിച്ചു.

വൈകാരികമായി പ്രതികരിച്ച് മലപ്പുറത്തും തൃശൂരും കോട്ടയത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാധാരണക്കാരും പ്രകടവുമായെത്തി. വാട്ട്സ് ആപ്പ് ഗ്രുപ്പുണ്ടാക്കിയാണ് പലയിടത്തും പ്രകടനത്തിന് ആളെ കൂട്ടിയത്. വിഡിക്കായി ജനം തെരുവിലറങ്ങുന്ന കാഴ്ച്ചക്ക്, രണ്ടുപതിറ്റാണ്ട് മുമ്പ് വിഎസിനായി നടന്ന പ്രകടനങ്ങളോട് സാമ്യമുണ്ട്.

2006ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതോടെ, ആരും വിളിച്ചുകൂട്ടാതെ വിഎസിനായി തടിച്ചുകൂടിയ ജനക്കൂട്ടം മഹാപ്രവാഹമായി മാറിയപ്പോള്‍ പാര്‍ട്ടിക്ക് അന്ന് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെ 2006ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ വിഎസ് അച്യുതാനന്ദനെ മത്സരിപ്പിക്കേണ്ടിയും വന്നു. ജനവികാരത്തിന് മുന്നില്‍ തോറ്റുപോയ സിപിഎം നേതൃത്വം വിഎസിനെ മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കി. പിന്നീട് കണ്ടത് ചരിത്രമാണ്. അതിന് സമാനമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇന്ന് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഡിക്കായി തെരുവിലിറങ്ങുന്ന കാഴ്ച്ച.

2001ല്‍ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള വിഎസിന്‍റെ സമര പോരാട്ടങ്ങളുടെ ഇഫക്റ്റില്‍, 2006ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സാധാരണ പാര്‍ട്ടിക്കാരും പൊതു ജനങ്ങളും വിശ്വസിച്ചു. എന്നാല്‍ വിഎസിന് സീറ്റ് നിഷേധിച്ചതോടെ കണ്ണേ കരളേ വിഎസേ എന്ന മുദ്രാവാക്യം തെരുവില്‍ മുഴങ്ങി. ഒടുവില്‍ ജനം വിജയിച്ചു. 82ാം വയസ്സില്‍ വിഎസ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. ഇതുവരെ ഒരു മന്ത്രി പോലുമാകാത്ത വിഡി, ഇക്കുറി മുഖ്യമന്ത്രിയാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

2021ല്‍ 99 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. യുഡിഎഫ് 41 സീറ്റുകളില്‍ ഒതുങ്ങിയതോടെ, ചെന്നിത്തലയെ മാറ്റി വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഡി നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലാകട്ടെ സതീശന്‍ തന്നെയായിരുന്നു കോണ്‍ഗ്രസിന്‍റെ മുഖം.

യുഡിഎഫ് 102 സീറ്റുമായി ചരിത്രവിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവര്‍ രംഗത്തെത്തിയതോടെയാണ് രംഗം വഷളായത്. എഐസിസി നിരീക്ഷകര്‍ സംസ്ഥാനത്ത് എത്തി കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കെസിക്ക് അനുകൂലമായി കാര്യങ്ങള്‍ നീങ്ങവേയാണ്, സതീശന് വേണ്ടി ജനം തെരുവിലിറങ്ങിയത്.

ENGLISH SUMMARY:

VD Satheesan is emerging as a strong contender for the Chief Minister post in Kerala, with supporters rallying in large numbers across the state. This grassroots support mirrors past instances where public sentiment significantly influenced political outcomes, suggesting a growing momentum for Satheesan's leadership.