കാസർകോടും മഞ്ചേശ്വരത്തിനും പുറമേ തൃക്കരിപ്പൂരും ഡീൽ ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ. ഒരു പഞ്ചായത്തിൽ മാത്രം ഒതുങ്ങി നിന്ന ട്വൻ്റി 20ക്ക് തൃക്കരിപ്പൂരിൽ സീറ്റ് നൽകിയത് അതിനുള്ള തെളിവാണ്. അതേസമയം കോൺഗ്രസ് ആരോപണം ഏറ്റുപിടിക്കാൻ കാസർകോടും മഞ്ചേശ്വരത്തുമുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ തയ്യാറായിട്ടില്ല.  

കഴിഞ്ഞദിവസമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മഞ്ചേശ്വരവും കാസർകോട് ഉൾപ്പെടെ നിരവധി ഇടങ്ങളിൽ എൽഡിഎഫ് ബിജെപി ഡീൽ ആരോപണം ഉയർത്തിയത്. എന്നാൽ അതും കടന്ന് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലത്തിലും ഡീൽ ആരോപണം ഉയർത്തുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. തൃക്കരിപ്പൂരിൽ ദുർബലരായ ട്വൻ്റി 20ക്കാണ് എൻഡിഎ സീറ്റ്. യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാതിരിക്കാൻ ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾ ഉൾപ്പെടെ 30 ഇടത്ത് എൽഡിഎഫ് ബിജെപി അന്തർധാര എന്ന് രാജ്മോഹൻ ഉണ്ണിത്താൻ മനോരമ ന്യൂസിനോട്.

എന്നാൽ ആരോപണം അതേ രീതിയിൽ ഏറ്റെടുക്കാൻ മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് സ്ഥാനാർഥി എകെഎം അഷ്റഫ് തയ്യാറായില്ല. അത്തരമൊരു ആരോപണമില്ലെന്ന് കാസർകോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥി മാഹിൻ ഹാജിയും. ഡീൽ ആരോപണം സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചാവിഷയം ആകുമ്പോഴാണ് കാസർകോട് ജില്ലയിൽ മുസ്ലിം ലീഗ് അതേ രൂപത്തിൽ ആരോപണം ഏറ്റെടുക്കാത്തത്.

കോൺഗ്രസ് ആരോപണത്തിനെതിരെ മണ്ഡലങ്ങളിലെ മറുവശത്തുള്ള സ്ഥാനാർത്ഥികൾ തിരിച്ചടിച്ച് തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ലീഗ് സ്ഥാനാർത്ഥികൾ ഏറ്റെടുക്കാത്തതിന് കാരണം ആരോപണം ആത്മവിശ്വാസക്കുറവായി വിലയിരുത്തി തിരിച്ചടിയാകുമെന്ന് ഭയന്നാണ്. 

ENGLISH SUMMARY:

Rajmohan Unnithan's deal allegations in Kasaragod, Manjeshwaram, and Trikarpur are gaining traction. While Congress is pushing these claims, Muslim League candidates in Kasaragod and Manjeshwaram have not fully endorsed them.