അമ്പലപ്പുഴ സ്വതന്ത്രസ്ഥാനാര്‍ഥി ജി.സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം കാട്ടിയത് രാഷ്ട്രീയ ചെറ്റത്തരമാണെന്നാണ് പറഞ്ഞത്. അത് ദശാബ്ദങ്ങളായി താന്‍ കേരളത്തിലെ പൊതുവേദികളില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വാചകമാണെന്നും മുഖ്യമന്ത്രി ഇടുക്കിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ജി.സുധാകരനെ ഞാന്‍ ചെറ്റയെന്ന് വിളിക്കണമെന്ന് നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) ആഗ്രഹിച്ചിരുന്നു. പക്ഷേ ഞാന്‍ ചെറ്റയെന്ന് വിളിക്കുകയോ പേരെടുത്ത് ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല.’ സുധാകരന്‍ കാട്ടിയത് നിലപാടുകളുടെ വഞ്ചനയല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞതിന്‍റെ പൂര്‍ണരൂപം: ‘ഞാന്‍ സുധാകരനെ ചെറ്റ എന്ന് വിളിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഞാന്‍ വിളിച്ചിട്ടില്ല. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതെന്താണ്? ചെറ്റത്തരമാണ് കാണിച്ചത്. രാഷ്ട്രീയ ചെറ്റത്തരം! ‘ചെറ്റത്തരം’ എന്ന വാക്ക് എപ്പൊഴാണ് ഇത്രമാത്രം അശ്ലീലവും അണ്‍പാര്‍ലമെന്‍ററിയും ആയി മാറിയത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ വളരെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാചകമുണ്ട്. അത് നിങ്ങളുടെ മുന്നിലും പറഞ്ഞിട്ടുണ്ടാകും, കേരളത്തിലാകെയും പറഞ്ഞിട്ടുണ്ടാകും. ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍. അതിന്‍റെ അര്‍ഥം ഞങ്ങള്‍ എല്ലാവരും ചെറ്റകളാണെന്നാണോ? ഞങ്ങളെപ്പറ്റിയാണത് പറഞ്ഞത്.
Also Read: ‘പോടാ ചെറ്റേ എന്നും പ്രയോഗമുണ്ട്; അത് ഞാന്‍ വിളിക്കുന്നില്ല’; പിണറായിക്കെതിരെ തിരിച്ചടിച്ച് സുധാകരന്
എത്രയോ കാലമായി, ദശാബ്ദങ്ങളായി കേരളത്തിലെ പൊതുവേദികളില്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. സാധാരണ പറയുന്നതല്ലേ ഇത്. ചെറ്റത്തരം കാണിച്ചാല്‍ ചെറ്റത്തരം എന്ന് പറയില്ലേ? അതല്ലേ ഉണ്ടായത്? അതിന്‍റെ അര്‍ഥം അയാളെ ചെറ്റ എന്ന് വിളിച്ചെന്നാണോ? അയാളുടെ പേര് മാറ്റി വിളിച്ചുവെന്നാണോ? അയാളെ വ്യക്തിപരമായി പേരെടുത്ത് ആക്ഷേപിക്കുന്ന നിലയുണ്ടായോ? പക്ഷേ നിലപാടുകളുടെ വഞ്ചനയല്ലേ? വഞ്ചന കാണിച്ചുവെന്ന് പറയുമ്പോള്‍, വര്‍ഗവഞ്ചകന്‍ എന്ന് പറയുമ്പോള്‍ എന്താണ് അതിന്‍റെ അര്‍ഥം? അതൊക്കെ നിലപാടുകളുടെ ഭാഗമായി പറയുന്ന കാര്യമല്ലേ? സ്വാഭാവികമായി പറയില്ലേ? അത്രയേ അതിനെ കാണേണ്ടതുള്ളു.’
ചെറ്റത്തരം എന്നത് പറയാന്‍ പാടില്ലാത്ത കാര്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ‘കേരളത്തില്‍ പറയാത്ത ഒരു വാചകമാണോ അത്? ആവര്‍ത്തിച്ച് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമല്ലേ? മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അത് യുഡിഎഫ് ഏറ്റെടുത്തിട്ടുണ്ടാകും. പക്ഷേ നാട്ടുകാര്‍ അവരുടെ കൂടെ വേണ്ടേ? അതിന് നിങ്ങള്‍ എന്തിനാണ് വേവലാതിപ്പെടുന്നത്? അതിന് പിണറായി വിജയന്‍റെ വാക്ക് വളരെ മോശമായിപ്പോയിരിക്കുന്നു എന്ന് ചിത്രീകരിക്കാന്‍ നോക്കിയിട്ട് കാര്യമില്ലല്ലോ?’ – പിണറായി പറഞ്ഞു.