മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചയാളെ കണ്ടെത്തി. കോന്നി അട്ടച്ചാക്കൽ സ്വദേശിയായ ദാസ് പി ജോർജാണ് ചോദ്യം ചോദിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണ്. കോന്നിയില്‍ എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിലായിരുന്നു സംഭവം. പ്രസംഗത്തിനിടെ ‘സിഎമ്മേ ഒരു ചോദ്യം...’ എന്ന് വിളിച്ചു പറയുകയായിരുന്നു ദാസ്. ‘അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സുരക്ഷ ഉദ്യോഗസ്ഥൻ പോലീസിനെ കണ്ണ് കാണിക്കുന്നതു  ദൃശ്യത്തിൽ വ്യക്തമായി കാണാം. ഇതോടെ പോലീസ് ചോദ്യം ചോദിച്ചയാളെ വിളിച്ചുകൊണ്ടു പോവുകയായിരുന്നു. അടിസ്ഥാന സൗകര്യവികസനങ്ങളെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരുന്നത്.




Also Read: ‘സിഎമ്മേ ഒരു ചോദ്യം’; പ്രസംഗത്തിനിടെ കേള്‍വിക്കാരന്‍; വീട്ടില്‍ പോയി ചോദിക്കെന്ന് മുഖ്യമന്ത്രി

 

തിരഞ്ഞെടുപ്പ് വേളയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രി വാവിട്ട് സംസാരിക്കുന്നത്. നേരത്തെ അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാര്‍ഥി ജി. സുധാകരന്റെ നിലപാടിനെ ചെറ്റത്തരം എന്നും വിശേഷിപ്പിച്ചിരുന്നു.  മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജി.സുധാകരനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത്. ജി.സുധാകരന്‍ കാണിച്ച വഞ്ചനയ്ക്ക് ഇതില്‍ പരം വേറൊരു വിശേഷണമില്ലെന്നുറപ്പിച്ച് മുഖ്യമന്ത്രി നിലപാടു പറ‍ഞ്ഞു. പഴയ പരനാറി പ്രയോഗമുണ്ടാക്കിയ പൊല്ലാപ്പുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ജി.സുധാകരന്‍ ചെയ്തതിനെക്കുറിച്ച് പറയാന്‍ എന്റെ നിഘണ്ടുവില്‍ വേറെ വാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാര്‍ഥി ജി.സുധാകരന്‍ പിന്നാലെ രംഗത്തെത്തി. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരൻ. അത് മാറ്റി സുധാകുരൻ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന ചെറ്റപ്പുരയിൽ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാർഥങ്ങൾ ഉള്ളതാണ് ഭാഷ. ഭാഷയുടെ അർഥാന്തരങ്ങൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. സംസാരിക്കുമ്പോൾ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു പ്രയോഗം നടത്താൻ പാടില്ല. താൻ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. ഇത്തരം പ്രയോഗങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. കേസിനുപോയാല്‍ പ്രശ്നമാണ്. കോണ്‍ഗ്രസിന് സന്തോഷിക്കാം. പിണറായി ആളെക്കൂട്ടിത്തരും. അദ്ദേഹം നിങ്ങള്‍ക്ക് വോട്ടു പിടിച്ചു തരും –  ജി. സുധാകരന്‍ പറഞ്ഞു

ENGLISH SUMMARY:

CM a question was asked by a CPM supporter during Kerala Chief Minister Pinarayi Vijayan's election speech. The incident highlights a political controversy surrounding the CM's recent public statements.