ആറന്മുള മണ്ഡലത്തില്‍ സീറ്റ് ലഭിക്കാത്തതില്‍ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ പ്രതിഷേധത്തിലാണെന്ന തരത്തില്‍ വ്യാപകമായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇന്നിപ്പോള്‍ കെ സി വേണുഗോപാലാല്‍ വിജയ് ഇന്ദുചൂഡനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന വിഡിയോ പുറത്ത് വന്നു.
‘എല്ലാം പരിഹരിക്കപ്പെടും, നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു, നമ്മളുണ്ട് കൂടെ, അമ്മയോട് പറയണം’ എന്നാണ് വിഡിയോയിലുള്ളത്. നേരത്തെ പുനലൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ നിന്ന് ഡിസിസി സെക്രട്ടറി സഞ്ജയ് ഖാൻ പിന്‍മാറി.
നേരത്തെ സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ പാർട്ടി വിട്ടു പോകും എന്ന പ്രചാരണത്തിന് മറുപടിയുമായി വിജയ് ഇന്ദുചൂഡൻ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തെ താൻ സമ്മർദ്ദത്തിലാക്കില്ലെന്ന് വിജയ് വ്യക്തമാക്കി. താൻ പാർട്ടി വിട്ടു പോകുകയാണോ എന്ന് പലരും ചോദിക്കുന്നു. തൻ്റെ അച്ഛൻ്റെ പേര് ആർ ഇന്ദുചൂഡൻ എന്നാണെന്നും തൻ്റെ അച്ഛൻ തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാർട്ടിയിൽ നിന്നപ്പോഴാണെന്നും വിജയ് ഇന്ദുചൂഡൻ പ്രതികരിച്ചു.
കോൺഗ്രസ് പാർട്ടിയാണ് തൻ്റെ രക്തം. മറുചിന്തകൊണ്ടോ പ്രകടനങ്ങൾ കൊണ്ടോ പ്രസ്ഥാനത്തെ സമ്മർദ്ദത്തിൽ ആക്കില്ലെന്നും വിജയ് കുറിപ്പിൽ വ്യക്തമാക്കി. ആറന്മുള നിയമസഭാ മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയ് ഇന്ദുചൂഡനേയും പരിഗണിച്ചിരുന്നു.