കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി.ജോസഫ് ബിജെപിയിൽ ചേർന്നു. പുതിയതെരുവിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. ഗോവ മുൻ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ ഷെട്ടി താനെവാദ് പാർട്ടി അംഗത്വം നൽകി. നരേന്ദ്രമോദിയുടെ വികസനരാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് ബിജെപിയിൽ അംഗത്വമെടുത്തതെന്ന് ഷാജി പറഞ്ഞു.
കോൺഗ്രസിന്റെ വികസനവിരുദ്ധതയും വർഗീയ പ്രീണനവും അസഹനീയമാണ്. സണ്ണി ജോസഫുമായി അഭിപ്രായഭിന്നതയില്ല. ആശയപരമായ നിലപാട് മാറ്റം വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്.യു.വിലൂടെയാണ് ഷാജി പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റായിട്ടുണ്ട്.