Untitled design - 1

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍. അടുപ്പമുള്ളവരുമായി ആലോചിച്ച് മല്‍സരിക്കുമോ എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.  കടുത്ത നടപടികളിലേക്ക് എല്‍ദോസ് കടക്കല്ലെന്ന വിശ്വാസത്തിലാണ് മുതിര്‍ന്ന നേതാക്കള്‍. നേതാക്കളെ തള്ളിപ്പറയുന്നില്ലെന്നും  നിരാശയുണ്ടെങ്കിലും പ്രതീക്ഷയുണ്ടെന്നും പട്ടിക പുറത്തുവന്ന ശേഷം  എല്‍ദോസ് പ്രതികരിച്ചു

 

പെരുമ്പാവൂരിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിലിനെ കാണാനായി മനോജ് മൂത്തേടനെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് എല്‍ദോസ് തയാറായില്ല. മനോജ് മൂത്തേടന്‍ എത്തുന്നതിന് മുന്‍പ് എല്‍ദോസ് വീട്ടില്‍‌നിന്ന് പോയി. പൂര്‍ണ വിജയപ്രതീക്ഷയെന്ന് മനോജ് മൂത്തേടന്‍ പ്രതികരിച്ചു.

 

Also Read: 'സാധാരണ കോൺഗ്രസ് പ്രവർത്തകനെ ഒരു നേതാവും വേദനിപ്പിക്കരുത്, എത്ര വലിയ നേതാവായാലും ശരി'


നാടകീയതകൾക്കും അഭിപ്രായ ഭിന്നതകൾക്കും ഒടുവിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിരിക്കുകയാണ് കോൺഗ്രസ്.  37 സ്ഥാനാർത്ഥികളെ കൂടി ഇന്നലെ രാത്രി പ്രഖ്യാപിച്ചു.  എം.പിമാർ  മത്സരിക്കേണ്ടെന്ന മാനദണ്ഡത്തിൽ ഹൈക്കമാൻഡ് വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെ കെ. സുധാകരന്റെയും അടൂർ പ്രകാശിന്റെയും  സീറ്റ് മോഹങ്ങൾ അവസാനിച്ചു.  അഴിക്കും തോറും മുറുകുന്നതായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം. ചൊവ്വാഴ്ച ഡൽഹിയിൽ എത്തിയ നേതാക്കൾ ചർച്ച നടത്തിയത് മണിക്കൂറുകളോളം . നീണ്ടുപോയ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത് ഇന്നലെ  രാത്രി.  എംപിമാരായ കെ സുധാകരനും അടൂർ പ്രകാശും ആഗ്രഹിച്ച കണ്ണൂരിലും കോന്നിയിലും ടി.ഒ. മോഹനനെയും സതീഷ് കൊച്ചുപറമ്പിലിനെയും സ്ഥാനാർത്ഥികളാക്കി. കെ സുധാകരൻ റിജിൽ മാങ്കുറ്റിയെ നിർദ്ദേശിച്ചിരുന്നുവെങ്കിലും സമയം കഴിഞ്ഞെന്നും പട്ടിക തയ്യാറായിക്കഴിഞ്ഞെന്നും നേതൃത്വം അറിയിച്ചു. റോബിൻ പീറ്റർ സ്ഥാനാർത്ഥി ആകണം എന്നായിരുന്നു അടൂർ പ്രകാശിന്റെ ആഗ്രഹമെങ്കിലും നടന്നില്ല.

 

ലൈംഗികാധിക്രമ കേസിനെ തുടർന്ന്  എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിച്ചപ്പോൾ മനോജ് മൂത്തേടം സ്ഥാനാർത്ഥിയായി.  സന്ദീപ് വാര്യരാണ് തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥി . നേമത്ത് കെ.എസ്. ശബരീനാഥൻ, കായംകുളത്ത് എം. ലിജു, അരുവിക്കരയിൽ വി.എസ്. ശിവകുമാർ, കൊച്ചിയിൽ മുഹമ്മദ് ഷിയാസ് എന്നിവരും മത്സരരംഗത്തുണ്ടാകും. എംഎൽഎ കെ. ബാബുവിന്റെ നിർദ്ദേശപ്രകാരം തൃപ്പൂണിത്തുറയിൽ ദീപക് ജോയിയെ സ്ഥാനാർത്ഥിയാക്കി. വൈപ്പിനിൽ ടോണി ചമ്മിണി,  ഇടുക്കിയിൽ റോയ് കെ. പൗലോസ്,  ഉദുമയിൽ കെ. നീലകണ്ഠൻ,ആലപ്പുഴ എ.ഡി. തോമസ് എന്നിവരാണ് സ്ഥാനാർത്ഥികൾ. സുധാകരൻ ഇല്ലാത്ത സ്ഥാനാർത്ഥിപ്പട്ടിക പൊട്ടിത്തെറികൾക്ക് വഴിവെക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മയപ്പെട്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തോടെ കോൺഗ്രസിന്റെ ആശങ്കകൾ ഒഴിഞ്ഞു.

ENGLISH SUMMARY:

Eldhos Kunnappilly is expressing dissatisfaction after being excluded from the Congress candidate list, considering his options on whether to contest. Senior leaders believe Eldhos will not take drastic actions, and despite disappointment, he holds hope, stating he does not reject the leaders.