Untitled design - 1

സ്ഥാനാര്‍ഥി തര്‍ക്കത്തിന്‍റെ പേരില്‍ സാധാരണ കോൺഗ്രസ് പ്രവർത്തകൻ്റെ മനസ്സിനെ ഒരു നേതാവും വേദനിപ്പിക്കരുതെന്നും, അവർ എത്ര വലിയ നേതാവായാലും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും അഡ്വ. എസ്എസ് ലാല്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കണ്ണൂരിന്‍ സീറ്റില്ലെന്ന കാരണത്താല്‍ അതൃപ്ത് പ്രകടിപ്പിക്കുന്ന കെ സുധാരകനെ ഉന്നമിട്ടാണ് പോസ്റ്റെന്നാണ് കമന്‍റുകള്‍.  

ഒരുപാട് വലിയ നേതാക്കളുടെ ത്യാഗങ്ങളൾ കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി. എന്നാൽ ആ വലിയ നേതാക്കളുടെ വലിയ ത്യാഗങ്ങളേക്കാൾ വലുതാണ് സാധാരണ കോൺഗ്രസ് പ്രവർത്തകൻ്റെ ഒരു ചെറിയ പ്രവർത്തനം പോലും എന്ന് ഒരു നേതാവും മറക്കരുത്. 

പകൽ കൂലിപ്പണി ചെയ്തിട്ട് ബാക്കി സമയം സ്വന്തം വിയർപ്പിൻ്റെ കൂലിയെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മണ്ഡലം പ്രസിഡൻ്റുമാരുടെയും ബൂത്ത് പ്രസിഡൻ്റ്മാരുടെയും പാർട്ടിയാണ് ഇന്ന് കോൺഗ്രസ്. അവരുടെ സ്വപ്നങ്ങളിൽപ്പോലും അധികാരത്തിൻ്റെ ബോർഡ് വച്ച വെള്ള ഇന്നോവ കാറുകൾ ഇല്ല. അവരുടെ ചിന്തകളിൽ പാർട്ടി മാത്രമാണുള്ളത്.

ജനാധിപത്യത്തിൽ താൽപര്യമില്ലാത്ത, അക്രമത്തിൽ മാത്രം വിശ്വാസമുള്ള, സിപിഎമ്മിനോടും പോഷക സംഘടനകളോടും പൊരുതിയാണ് കേരളത്തിൽ ഓരോ കോൺഗ്രസുകാരനും/കാരിയും അവരവരുടെ പ്രദേശങ്ങളിൽ/ പ്രസ്ഥാനങ്ങളിൽ പിടിച്ചുനിൽക്കുന്നത്. കോൺഗ്രസ് ആഭിമുഖ്യമുള്ള സംഘടന നയിക്കുന്നതിനാലോ അതിൽ പ്രവർത്തിക്കുന്നതിനാലോ ഒരു വർഷം പല പ്രാവശ്യം സ്ഥലം മാറ്റപ്പെടുന്ന സർക്കാർ ജീവനക്കാർ നാട്ടിലുണ്ട്. കോൺഗ്രസുകാരായതിനാൽ ചെറുതും വലുതുമായ സ്ഥാപനങ്ങൾ പൂട്ടേണ്ടി വന്ന മനുഷ്യരുണ്ട്. 

കോൺഗ്രസുകാരെ ഉപദ്രവിക്കാൻ ഇപ്പോൾ ബി.ജെ.പിയും കൂടിയുണ്ട്. ഈ രണ്ട് പാർട്ടികളുടെയും മുന്നിൽ നിവർന്ന് നിന്ന് താൻ കോൺഗ്രസാന്നെന്ന് പറയുന്നവനാ/ളാണ് കേരളത്തിലെ ധൈര്യമുള്ള രാഷ്ട്രീയ പ്രവർത്തകർ. 

രാഷ്ട്രീയ പ്രവർത്തനത്തിനിടയിലെ സഹനത്തിൻ്റെ തഴമ്പുകൾ കാട്ടി നേതാവായി വളർന്ന് വലിയ പദവികൾ നേടിയ ശേഷം നിസാര കാരണത്തിന് പാർട്ടി വിട്ട നേതാക്കളുണ്ട്. ഒരു സീറ്റിന് വേണ്ടി ഒരു നിമിഷം കൊണ്ട് മറ്റൊരു പാർട്ടിയിലേയ്ക്ക് ചാടാൻ ചില നേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് കഴിയാത്തത് സാധാരണ പാർട്ടി പ്രവർത്തകർക്ക് മാത്രമാണ്. ഒരു പ്രലോഭനത്തിനും വഴങ്ങാത്ത പാർട്ടി പ്രവർത്തകർ. അവർ ശ്വസിക്കുന്നതുപോലും കോൺഗ്രസിന് വേണ്ടിയാണ്.  

ചുമര് ബുക്ക് ചെയ്യാനും വെളളയടിക്കാനും വെയിലുകൊണ്ട് നടക്കുന്ന കോൺഗ്രസുകാരൻ യു.ഡി.എഫ് ഭരണം തിരികെ വരാൻ ആഗ്രഹിക്കുന്നു. യു.ഡി.എഫ് ഭരണം വന്നാൽ സുരക്ഷയല്ലാതെ മറ്റൊന്നും സ്വന്തമായി നേടാനില്ലാത്തവരാണ് അവർ.  സാധാരണ കോൺഗ്രസ് പ്രവർത്തകൻ്റെ മനസ്സിനെ ഒരു നേതാവും വേദനിപ്പിക്കരുത്. അവർ എത്ര വലിയ നേതാവായാലും. 

ENGLISH SUMMARY:

Malayala Manorama Online News highlights a statement by Adv. SS Lal emphasizing that no leader, however prominent, should hurt the feelings of an ordinary Congress worker due to candidate disputes. The sentiment is seen as a critique of K. Sudhakaran's dissatisfaction over not securing a seat in Kannur.