നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറായിരുന്നതായി കെ. സുധാകരന്‍. ധർമ്മടത്ത് ഞാൻ മത്സരിക്കട്ടെ എന്ന് പല സുഹൃത്തുക്കളോടും അന്വേഷിച്ചിട്ടുണ്ടെന്നും പക്ഷേ പലരും സമ്മതിക്കാത്തതുകൊണ്ടാണ് മത്സരിക്കാത്തതെന്നുമാണ് സുധാകരന്‍ പറഞ്ഞു. സുഹൃത്തുക്കൾ സമ്മതിച്ചിരുന്നുവെങ്കിൽ ധര്‍മടത്ത് മത്സരിക്കുമായിരുന്നു എന്നും സുധാകരന്‍ പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സുധാകരന്‍റെ തുറന്നു പറച്ചില്‍. 

'പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല'; തുടര്‍ഭരണ സാധ്യത തള്ളാതെ കെ.സുധാകരന്‍

കണ്ണൂരിലെ സ്ഥാനാര്‍ഥിത്വത്തെ  ചൊല്ലി പാര്‍ട്ടിയുമായി സുധാകരന്‍ ഇടഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖര്‍ഗെ വിളിച്ച് മറ്റൊരു സ്ഥാനം നല്‍കുമെന്ന് ഉറപ്പുനല്‍കി,  സുധാകരന്‍ പറഞ്ഞു. ''സുധാകര്‍ ജി യു ഡോണ്ട് ഡു എനിതിങ് അദര്‍ ദാന്‍ ദിസ് എന്നാണ് ഖര്‍ഗെ പറഞ്ഞത്. കുറച്ചു സമയം കൂടി കാത്തിരിക്കാന്‍ പറഞ്ഞു. മറ്റൊരു സ്ഥാനം കിട്ടുമെന്ന് ഉറപ്പ് നല്‍കി'' എന്നാണ് സുധാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. നേതാക്കന്മാര്‍ പറഞ്ഞത് പോലെ ചെയ്യുന്നവരാണെന്നും ഉറപ്പില്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്ന ഘട്ടത്തില്‍ അസംബ്ലി സീറ്റ് എന്നൊരു ഉറപ്പൊന്നും പാര്‍ട്ടി നല്‍കിയിരുന്നില്ല. മറ്റു ഭാരവാഹിത്വം എന്തെങ്കിലും പാർട്ടിയിൽ തരാം എന്നാണ് പറഞ്ഞിരുന്നതെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് കണ്ണൂരിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും നമ്മുടെ പ്രവർത്തകന്മാരെ വേണം എന്ന് പറഞ്ഞിരുന്നു. പക്ഷേ അതിലേറെയും കിട്ടിയിട്ടില്ലെന്നും ഇതിന് പിന്നില്‍ സംസ്ഥാന നേതൃത്വമാണെന്നും സുധാകരന്‍ പറഞ്ഞു. 

ENGLISH SUMMARY:

K Sudhakaran expressed his readiness to contest against Chief Minister Pinarayi Vijayan in the Dharmadam constituency during the Assembly elections. He revealed that he inquired with friends about contesting in Dharmadam, but ultimately did not due to their disapproval.