1986ലാണ് ഇതിനുമുന്‍പ് അര്‍ജന്‍റീന ലോകകപ്പ് ഉയര്‍ത്തിയത്. അതേ ലോകകപ്പ് കണ്ടവരും കേട്ടവരുമാണ് കേരളക്കരയില്‍ ഈ രാജ്യത്തെ സ്വന്തം രാജ്യമായി കണ്ടുതുടങ്ങിയതും ഡീഗോ മറഡോണയെ അയല്‍വക്കത്തെ മാന്ത്രികനായി കണ്ട് ആരാധിച്ചതും. പിന്നീടിങ്ങോട്ട് തൊണ്ണൂറിലും തൊണ്ണൂറ്റിനാലിലുമൊക്കെ പ്രതീക്ഷയുടേതായിരുന്നു. അപ്പോഴേക്കും ടെലിവിഷനുകള്‍ ഓരോ പഞ്ചായത്തിലുമെത്തി. കളിക്കമ്പത്തിന്‍റെ കൊടിയേറ്റമായി ഓരോ ലോകകപ്പും.

86ലെ കളി കണ്ടവരും കേട്ടവരും ആരാധനയുടെ ചൂട് അടുത്ത തലമുറയിലേക്ക് ലോങ് റേഞ്ച് പാസ് നല്‍കിക്കൊണ്ടിരുന്നു. പാസ് കിട്ടിയവരും ഹെഡ്ഡര്‍ ചെയ്ത് നെഞ്ചിലേറ്റി കാല്‍വരുതിയിലാക്കി അടുത്തുളളവന് ട്രിബിള്‍ ചെയ്തുകൊണ്ടേയിരുന്നു. അര്‍ജന്‍റീന എന്ന വികാരത്തിന്മേല്‍ മറഡോണയ്ക്ക് ശേഷം മെസിയെ മിശിഹായായി കണ്ടു. അതില്‍ അനിര്‍വചനീയമായ ഒരു അഭിലാഷത്തിന്‍റേതായിരുന്നു ഖത്തറില്‍ മെസി ഉയര്‍ത്തിയ കപ്പ്. ആ മെസിയെ ആ അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞാല്‍ മലയാളി തുളളിച്ചാടും. എല്ലാം മറന്ന് കിടന്ന് മരിക്കും. അതൊരു ബ്രസീലിന്‍റെയോ ജര്‍മനിയുടെയോ സ്പെയിനിന്‍റെയോ ഫ്രാന്‍സിന്‍റെയോ ആരാധകരായാലും അവര്‍ ഒഴുകിയെത്തും. കാല്‍പ്പന്തിനെ ഹൃദയത്തിലേറ്റിയ, അതൊരു വികാരമാക്കിയ ലക്ഷോപലക്ഷം മലയാളികളെ പറഞ്ഞുപറ്റിച്ചു ഒരു സ്പോണ്‍സറും ആ സ്പോണ്‍സര്‍ക്ക് ഒത്താശ ഒരുക്കിയ അന്നത്തെ സര്‍ക്കാരും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

Argentine football's recent World Cup victory has reignited passionate fan bases in Kerala, who have a long-standing adoration for the team and its stars like Lionel Messi. This immense football fervor in Kerala, often mirroring the emotions of supporting a home team, has been a significant cultural phenomenon for decades, influenced by legendary figures like Diego Maradona and now Messi.