തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും ഉറപ്പിക്കാനുള്ള കാര്യങ്ങള്‍ തന്റെ കൈയിലില്ലെന്നും വിവാദങ്ങള്‍ക്ക് ശേഷമുളള ആദ്യ പ്രതികരണത്തില്‍ അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, അര്‍ഹതയുണ്ടായിട്ടും അവസരം ലഭിച്ചില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പിന്‍മാറിയത് ഖര്‍ഗെയുടെ ഉറപ്പിലെന്നും ഉചിതമായ ഭാരവാഹിത്വം ഖര്‍ഗെ ഉറപ്പുനല്‍കിയെന്നും സുധാകരന്‍ വ്യക്തമാക്കി.

ഒരുഘട്ടത്തിലും താന്‍ സ്വതന്ത്രനാകാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സുധാകരന്‍ മനോരമ ന്യൂസിനോട് തുറന്നു പറഞ്ഞത്. കടുത്ത തീരുമാനം വേണ്ടെന്ന് എ.കെ.ആന്‍റണിയും പറഞ്ഞതായി അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയത് നിഷേധിച്ച അദ്ദേഹം പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയിട്ടില്ലെന്നും ഡല്‍ഹിക്ക് പോയത് സാധാരണ യാത്ര മാത്രമെന്നും നേതാക്കളെ കാണാന്‍ പറ്റിയാല്‍ കാണാമെന്ന് കരുതി പോയതാണെന്നും പറഞ്ഞു.

അതേസമയം, കണ്ണൂരിലേക്ക് സ്ഥാനാര്‍ഥികളായി ചിലരെ താന്‍ നിര്‍ദേശിച്ചെന്നും പക്ഷേ കിട്ടിയില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.  ചിലര്‍ സ്ഥാനാര്‍ഥികളായി വരണമെന്ന് ആഗ്രഹിച്ചിരുന്നു പക്ഷേ ആഗ്രഹത്തിനൊപ്പം സംസ്ഥാന നേതൃത്വം നിന്നില്ലെന്നും സുധാകരന്‍ പരിഭവപ്പെട്ടു.

മല്‍സരിക്കാന്‍ അര്‍ഹതയുണ്ടായിട്ടും അവസരം ലഭിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ തീരുമാനം മാറ്റിയെന്നും രാഹുല്‍ ഗാന്ധിയേയും ഖര്‍ഗെയെയും കണ്ടെന്നും തുറന്നു പറഞ്ഞു. മല്‍സരിക്കുമെന്ന വാര്‍ത്ത എങ്ങനെ വന്നെന്ന് അറിയില്ല. പ്രതീക്ഷിച്ചതെല്ലാം നടന്നില്ല, അതില്‍ പ്രയാസമില്ലെന്നും അദ്ദേഹം പറയുന്നു. പിണറായിക്കെതിരെ ധര്‍മടത്ത് മല്‍സരിക്കാനും തയാറായിരുന്നു. സുഹൃത്തുക്കള്‍ സമ്മതിച്ചിരുന്നെങ്കില്‍ മല്‍സരിച്ചേനെയെന്നും സുധാകരന്‍ പറഞ്ഞു.

ENGLISH SUMMARY:

Senior Congress leader K Sudhakaran MP admits he was denied a chance to contest in the 2026 Kerala Assembly elections despite his eligibility. Speaking to Manorama News, he didn't rule out a third term for the Pinarayi Vijayan government (LDF 3.0). Sudhakaran revealed that Mallikarjun Kharge has promised him a suitable position after he withdrew following the party's decision not to field MPs. He also shared his willingness to contest against Pinarayi Vijayan in Dharmadam.