• കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് നടപ്പാക്കാന്‍ ശ്രമിച്ച ദേശീയ ജനസംഖ്യ റജിസ്റ്റര്‍ പുതുക്കലിനുള്ള ചോദ്യങ്ങള്‍ സെന്‍സസ് ചോദ്യാവലിയിലും ഉള്‍പ്പെടുത്തി. മാതാപിതാക്കളുടെ ജനന സ്ഥലം, ജനന തിയതി, മതം എന്നിവ രേഖപ്പെടുത്താനാണ് നിര്‍ദേശം. വ്യക്തിവിവരങ്ങളും നല്‍കണം

2027 ലെ ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യങ്ങള്‍ വിവാദത്തില്‍. കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് നടപ്പാക്കാന്‍ ശ്രമിച്ച ദേശീയ ജനസംഖ്യ റജിസ്റ്റര്‍ പുതുക്കലിനുള്ള ചോദ്യങ്ങള്‍ സെന്‍സസ് ചോദ്യാവലിയിലും ഉള്‍പ്പെടുത്തി. മാതാപിതാക്കളുടെ ജനന സ്ഥലം, ജനന തീയതി, മതം എന്നിവ രേഖപ്പെടുത്താനാണ് നിര്‍ദേശം. വ്യക്തിവിവരങ്ങളും നല്‍കണം. ഇതിനെതിരെ  രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 

2027 ലെ ജനസംഖ്യ കണക്കെടുപ്പിന് നാല്‍പത് ചോദ്യങ്ങളാണുള്ളത്. വ്യക്തികളുടെ ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, വോട്ടര്‍ ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, എത്ര ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട് എന്നീ വിവരങ്ങളും നല്‍കണം.

2019 ല്‍ ദേശീയ ജനസംഖ്യ റജിസ്റ്റര്‍ പുതുക്കാന്‍ തയാറാക്കിയ മാതൃകാ ചോദ്യാവലിയിലും ഇക്കാര്യങ്ങള്‍ ഉണ്ടായിരുന്നു. പ്രതിപക്ഷത്തിന്‍റെയടക്കം കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് അന്ന് എന്‍.പി.ആര്‍. മാറ്റിവച്ചത്. സെന്‍സസിന്‍റെ മറവില്‍ വീണ്ടും എന്‍.പി.ആര്‍ നടപ്പാക്കാനുള്ള ശ്രമമാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. വ്യക്തി വിവരങ്ങള്‍ ചോരുമോ എന്ന ആശങ്കയും ശക്തമാണ്. ദുഷ്ടലാക്കോടെയുള്ളതാണ് ചോദ്യങ്ങള്‍ എന്നും മുന്‍ സെന്‍സസുകളില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. 

അതേസമയം മതാപിതാക്കളെ സംബന്ധിച്ച് അറിവുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ മതിയെന്നും ജനന സ്ഥലവും തിയതിയും തെളിയിക്കാന്‍ രേഖകള്‍ ഒന്നും സമര്‍പ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

The proposed questionnaire for the 2027 census has triggered political friction over the inclusion of National Population Register-related queries regarding parental birth details and personal documentation. Opposition parties have strongly criticized the move, expressing concerns over privacy and data security, while authorities maintain that documentary proof for parental details is not mandatory.