തൃശൂരില്‍ പുലികളിയുടെ കേന്ദ്ര ധനസഹായം വൈകിയത് മുന്‍ സര്‍ക്കാരിന്‍റെ രാഷ്ട്രീയക്കളിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലികളിയില്‍ രാഷ്ട്രീയം കളിച്ച പിശാചുക്കള്‍ മാപ്പുപറയണമെന്ന് ധനസഹായം വിതരണം ചെയ്ത ശേഷം സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ പുലിക്കളിയ്ക്കു ആദ്യമായി കേന്ദ്ര ധനസഹായം പ്രഖ്യാപിച്ചത് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായ ശേഷമാണ്. പക്ഷേ, ധനസഹായം കിട്ടാന്‍ 11 മാസം വൈകി. ഇതിനു കാരണം മുന്‍ സര്‍ക്കാരിന്‍റെ രാഷ്ട്രീയക്കളിയാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുന്‍ ടൂറിസം സെക്രട്ടറി മുതല്‍ അന്നത്തെ കലക്ടര്‍വരെ ആ രാഷ്ട്രീയക്കളിയുടെ ഭാഗമായെന്ന് സുരേഷ് ഗോപി വിമര്‍ശിച്ചു. സര്‍ക്കാരിന്‍റെ കത്തു കിട്ടിയാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിന് ധനസഹായം അനുവദിക്കാന്‍ കഴിയൂ. ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ലോഗോ പതിക്കണമെന്ന മാനദണ്ഡം പാലിക്കാത്തതും തിരിച്ചടിയായി. തൃശൂരിന്‍റെ എം.പിയെന്ന നിലയില്‍ പ്രത്യേക താല്‍പര്യമെടുത്താണ് സുരേഷ് ഗോപി 24 ലക്ഷം രൂപ അനുവദിപ്പിച്ചത്.
തൃശൂരിലെ ഒന്‍പതു പുലിക്കളി സംഘങ്ങളും ധനസഹായം വാങ്ങാന്‍ കലക്ടറേറ്റില്‍ എത്തിയിരുന്നു. കലക്ടര്‍ ശിഖ സുരേന്ദ്രന്‍, മേയര്‍ നിജി ജസ്റ്റിന്‍, ഡപ്യൂട്ടി മേയര്‍ എ.പ്രസാദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പുലിക്കളി ധനസഹായം വൈകിയത് എതിര്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പ്രചാരണ ആയുധമാക്കിയിരുന്നു.