കേന്ദ്ര പെട്രോളിയം–പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി (ചിത്രം : മനോരമ)
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില സമീപകാലത്ത് കുറയ്ക്കാന്‍ കഴിയുന്ന സ്ഥിതിയില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. 42,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികള്‍ക്ക് നേരിട്ടതെന്നും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണത്തില്‍ വലിയ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം മീനാമ്പക്കത്ത് പറഞ്ഞു. ധനസ്ഥിതി നോക്കി പെട്രോളിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് അധികാരമുണ്ടെന്നും എണ്ണ വിലയില്‍ ഏതെങ്കിലും തരത്തില്‍ കുറവ് വരുത്തുന്നതിന് മുന്‍പ് എണ്ണക്കമ്പനികളെ കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വില നാളെ മുതല്‍ കുറയണമെന്നാണ് നമ്മുടെയെല്ലാം ആഗ്രഹം. സാങ്കേതികമായി അത് സാധ്യമല്ല. 42,000 കോടിയുടെ നഷ്ടം ഇപ്പോള്‍ എണ്ണക്കമ്പനികള്‍ക്കുണ്ട്. അത് പരിഹരിക്കേണ്ടതുണ്ട്'- പശ്ചിമേഷ്യന്‍ യുദ്ധമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രം എന്ത് നടപടി സ്വീകരിച്ചാലും ആദ്യം എണ്ണക്കമ്പനികളെ പരിഗണിക്കേണ്ടി വരുമെന്നും കേരളത്തിലും കര്‍ണാടകയിലുമെല്ലാം പെട്രോളിന് നന്നായി വില വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പെട്രോളിന്‍റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിതരണത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ യഥാസമയം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ മതിയായ മുന്‍കരുതലില്ലാതെ വന്‍തോതില്‍ പെട്രോളില്‍ എഥനോള്‍ ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരാണ് നിര്‍ദേശം നല്‍കിയതെന്നും ക്രമക്കേടില്‍ അടിയന്തര അന്വേഷണം ഉണ്ടാകണമെന്നും കര്‍ണാടക വ്യവസായ മന്ത്രി എം.ബി.പാട്ടീല്‍ ആവശ്യപ്പെട്ടിരുന്നു. E10, E20, E30 എന്നിങ്ങനെ എഥനോള്‍ ചേര്‍ക്കലിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് ആവശ്യമായ പഠനങ്ങള്‍ പോലും നടത്താതെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
30 ശതമാനം പോലും എഥനോള്‍ സംഭരിക്കാതെയാണ് കേന്ദ്രം പദ്ധതി നടപ്പിലാക്കിയതെന്നും പാട്ടീല്‍ വിമര്‍ശിച്ചു. 'ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് എഥനോള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കാന്‍ നേരത്തെ ആഹ്വാനം ചെയ്തു. ഇപ്പോള്‍ അതില്‍ നിന്ന് 20–30 ശതമാനം പോലും സംഭരിക്കാന്‍ തയാറാകുന്നില്ല. വന്‍ ക്രമക്കേടും അഴിമതിയുമെന്ന മന്ത്രി റിസ്വാന് അര്‍ഷാദിന്‍റെയും രാഹുല്‍ ഗാന്ധിയുടെയും ആരോപണങ്ങളില്‍ കഴമ്പുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് പ്രതിസന്ധിക്ക് കാരണം'- മന്ത്രി പറഞ്ഞു.