പെട്രോളില്‍ 33 ശതമാനം എഥനോള്‍ എന്ന കര്‍ണാടക സര്‍ക്കാറിന്‍റെ വാദം പൊളിക്കാന്‍ ഇറങ്ങിയ ഭാരത് പെട്രോളിയത്തിന് കിട്ടിയത് മുട്ടന്‍ പണി. മൈസൂരിവിലെ പമ്പില്‍ നിന്നും എടുത്ത പെട്രോള്‍ സാമ്പിള്‍ പരിശോധിച്ചതിന്‍റെ ചിത്രമാണ് ബിപിസിഎല്‍ പങ്കിട്ടത്. 20 ശതമാനം മാത്രം എഥനോളെന്ന് വാദിച്ച് ബിപിസിഎല്ലിട്ട പോസ്റ്റില്‍ എഥനോളിന്‍റെ അളവ് പരിധിയില്‍ കൂടുതലാണെന്ന് കൂടുതല്‍ പേരും കമന്‍റിട്ടു. ഇതോടെ കമ്പനി പോസ്റ്റ് പിന്‍വലിച്ചു.
20 ശതമാനം മാത്രമാണ് എഥനോളെന്നു കാട്ടി എക്സ് അക്കൗണ്ടിലാണ് ബിപിസിഎല്‍ പോസ്റ്റിട്ടത്. എന്നാല്‍ എഥനോളിന്‍റെ അളവ് കൂടുതലാണെന്ന് പലരും ചൂണ്ടാക്കാണിച്ചതോടെ ബിപിസിഎല്‍ പോസ്റ്റ് മുക്കി. എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്തിനാണ് പോസ്റ്റ് ഡീലീറ്റ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് ലാവണ്യ ബല്യാള്‍ എക്സില്‍ ചോദിച്ചു.
സംഭവത്തിൽ വിശദീകരണവുമായി ബിപിസിഎൽ രംഗത്തെത്തി. എഥനോളും വെള്ളവും ചേർന്ന ഭാഗം പെട്രോളുമായി പൂർണമായി രണ്ടായി പിരിയാൻ സമയമെടുക്കുമെന്നും ഇതിനു മുൻപ് എടുത്ത ഫോട്ടോ അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാണെന്നും ബിപിസിഎൽ എക്സിൽ വിശദീകരിച്ചു. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഉടൻ പോസ്റ്റ് ഡീലീറ്റ് ചെയ്തതെന്നും ബിപിസിഎല്ലിന്‍റെ വിശദീകരണത്തിലുണ്ട്. 100 മില്ലിലീറ്റര്‍ ഇ20 പെട്രോളിൽ 30 മില്ലി ലീറ്റര്‍ വെള്ളം ചേർത്തായിരുന്നു പരീക്ഷണം.
എണ്ണ വിപണന കമ്പനികൾ വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എന്ന പരിധിയേക്കാൾ കൂടുതൽ എഥനോൾ മിശ്രിതം ഉണ്ടെന്നായിരുന്നു കര്‍ണാടക സര്‍ക്കാറിന്‍റെ ആരോപണം. എല്ലാ പ്രമുഖ എണ്ണ വിതരണക്കാരുടെ ഔട്ട്‍ലെറ്റുകളില്‍ നിന്നും ശേഖരിച്ച 63 സാമ്പിളുകളില്‍ എഥനോളിന്‍റെ അളവ് അധികമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതോടെയാണ് സത്യം അറിയിക്കാന്‍ ബിപിസിഎല്‍ രംഗത്തെത്തിയത്.