നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്‍റെ അവസാന ലാപ്പിലേയ്ക്ക് കടക്കുമ്പോഴും ബിജെപി എത്ര സീറ്റുകളില്‍ മല്‍സരിക്കുമെന്നതില്‍ അവ്യക്തത തുടരുകയാണ്. തിരുവനന്തപുരം സെന്‍ട്രലില്‍ മുന്‍മന്ത്രി വി സുരേന്ദ്രന്‍ പിള്ളയെ മല്‍സരിക്കുന്നത് പരിഗണനയിലുണ്ട്. മുതിര്‍ന്ന നേതാക്കളായ എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, എസ് സുരേഷ് എന്നിവര്‍ ഇത്തവണ മല്‍സരരംഗത്തുണ്ടായേക്കില്ല. കൂടുമാറ്റങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ബിജെപി. 

പോരാട്ടച്ചൂട് ഉച്ചസ്ഥായിലായി. പത്രിക സമര്‍പ്പണത്തിന് ഇനി കിട്ടുന്നത് രണ്ട് ദിവസം. മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഇപ്പോഴും ബിജെപിയില്‍ വ്യക്തതയില്ല. രണ്ട് പട്ടികകളിലായി 86 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 96 സീറ്റുകളില്‍ മല്‍സരിക്കാനാണ് ബിജെപിയിലെ ഏകദേശ ധാരണ. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ പേരില്‍ മറുപാളയങ്ങളിലെ പൊട്ടിത്തെറിയും പാര്‍ട്ടി മാറ്റങ്ങളും കണക്കിലെടുത്തുവേണം ബിജെപിക്ക് അന്തിമായമായ തീരുമാനത്തിലെത്താന്‍. സീറ്റുകിട്ടാതെ കലാപക്കൊടിയുയര്‍ത്തി പുറത്തുവരുന്ന പ്രമുഖര്‍ക്കായി അവസാനനിമിഷത്തെ കാത്തിരിപ്പാണ്. ബിഡിജെഎസ് 23 സീറ്റിലും ട്വന്‍റി ട്വന്‍റി 19 സീറ്റിലും മല്‍സരിക്കും. ബിഡിജെഎസ് മുഴുവന്‍ സീറ്റിലേയ്ക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ട്വന്‍റി ട്വന്‍റി കൊച്ചി സീറ്റിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അടൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍, പുതുപ്പള്ളി അടക്കം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സഖ്യകക്ഷികളുമായുള്ള സീറ്റ് വീതംവെപ്പിലും മണ്ഡലം തീരുമാനിക്കുന്നതിലും അവസാനഘട്ടത്തില്‍പ്പോലും വ്യക്തതയുണ്ടാകാത്തതിനാല്‍ സീറ്റ് പ്രഖ്യാപനം പൂര്‍ണമായിട്ടില്ല. എന്‍ഡിഎയിലെ ചെറുപാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കിയേക്കും. ആര്‍ജെഡി നേതൃത്വത്തിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വൈസ്പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് മല്‍സരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മുന്‍മന്ത്രി വി സുരേന്ദ്രന്‍ പിള്ളയെ ഒപ്പം നിര്‍ത്താന്‍ ബിജെപി നീക്കം നടത്തുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, എസ് സുരേഷ് എന്നിവര്‍ ഇത്തവണ മല്‍സരരംഗത്തുണ്ടായേക്കില്ല. ഇവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കും. തൃശൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിരുന്ന എം.ടി രമേശ് ഇനി തന്നെ സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

BJP candidate seat uncertainty continues as the nomination filing deadline approaches for the Kerala Assembly Elections. While roughly 96 seats are being considered, final decisions on seat allocation with alliance partners are still pending.