മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. ധർമടം മണ്ഡലത്തിലെ ആദ്യത്തെ പത്രിക സമർപ്പണം നടത്തിയത് പിണറായി വിജയനാണ്. 11 മണിയോടെ തലശ്ശേരി സബ് റജിസ്ട്രാർ ഓഫിസിൽ എത്തി റിട്ടേണിങ് ഓഫിസർ സച്ചിൻ കൃഷ്ണയ്ക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. 15 മിനിറ്റുകൊണ്ട് നടപടികൾ പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങി. ‘പറയാനുണ്ട്, പിന്നെപ്പറയാം’ എന്നാണ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. തുടർന്ന് അദ്ദേഹം മലപ്പുറത്തേക്ക് യാത്ര തിരിച്ചു. വൈകിട്ട് മലപ്പുറത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും.
പിണറായി ഇന്നലെ മമ്പറത്ത് നടത്തിയ പ്രസംഗത്തിനിടയിൽ, മണ്ഡലത്തിൽ മുഴുവൻ സമയ പ്രചാരണത്തിന് താൻ ഉണ്ടാകില്ലെന്ന് സൂചിപ്പിച്ചു. ടീമിനെ നയിക്കുന്ന നേതാവ് എന്ന നിലയിൽ മറ്റു സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതുണ്ട്. അതിനാൽ, മണ്ഡലത്തിലെ വോട്ടർമാരെ കാണാനുള്ള പ്രവർത്തനങ്ങൾ പാർട്ടി പ്രവർത്തകർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി വിജയൻ ധർമടത്ത് മത്സരിക്കുന്നത് ഇത് മൂന്നാം തവണയാണ്. ഇതിനുമുമ്പ് അദ്ദേഹം കൂത്തുപറമ്പിൽ മൂന്ന് തവണയും തളിപ്പറമ്പിൽ ഒരു തവണയും മത്സരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ വി.പി. അബ്ദുൽ റഷീദാണ് ധർമടത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.