തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാരിയരെ പരിഗണിക്കുന്നതിനെതിരെ കാസർകോട് ഡിസിസിയിൽ കടുത്ത എതിർപ്പ്. ജില്ലയിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നതെന്നും അവിടെ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കളെ പരിഗണിക്കണമെന്നും ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിമാരായ ഹക്കീം കുന്നിൽ, ആർ നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെയുള്ളവർ ഡിസിസിയിൽ അടിയന്തരയോഗം ചേർന്നു. വിഷയത്തിൽ കടുത്ത അതൃപ്തി നേതൃത്വത്തെ അറിയിച്ചതായി ഡിസിസി പ്രസിഡന്റ് പറഞ്ഞു.
Also Read: ‘മമ്മൂക്ക വിളിച്ചു, ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട് എത്തും
40 സ്ഥാനാർഥികളുമായി കോൺഗ്രസിന്റെ രണ്ടാമത്തെ പട്ടിക പുറത്തു വരാനിരിക്കെ പലയിടത്തും പൊട്ടലും ചീറ്റലും തുടരുകയാണ്. എൽദോസ് കുന്നപ്പിള്ളിലിന് സീറ്റ് ഉണ്ടാകില്ല. ഉല്ലാസ് തോമസും മനോജ് മൂത്തേടനുമാണ് പരിഗണനയിൽ. കോന്നിയിൽ അടൂർ പ്രകാശ് നിർദ്ദേശിക്കുന്നയാൾ സ്ഥാനാർഥിയാകും. ഭൂരിഭാഗം മണ്ഡലങ്ങളിലും ഒറ്റപേരിലേക്ക് എത്തി എങ്കിലും കായംകുളം അടക്കം ചില മണ്ഡലങ്ങളിൽ ഇപ്പോഴും ഒന്നിലധികം പേരുണ്ട്. കൊച്ചിയിൽ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് മത്സരിക്കും. തൃപ്പൂണിത്തുറയിൽ ദീപക് ജോയ് സ്ഥാനാർഥിയാകും.
കുട്ടനാട് സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് കുട്ടനാട്ടിലെ രണ്ട് ഡിസിസി ഭാരവാഹികൾ രാജിവച്ചു . ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു എന്നാൽ സജി ജോസഫിനെ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തുവന്നു. വർഷങ്ങളായി കുട്ടനാട്ടിൽ പ്രവർത്തിക്കുന്ന ആളാണെന്നും പെയ്മെന്റ് സീറ്റ് ആണെങ്കിൽ തെളിയിക്കട്ടെ എന്നും യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ പറഞ്ഞു
കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ നേരത്തെ മുതൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയിരുന്നു. എന്നാൽ വർഷങ്ങളായി മത്സരിക്കുന്ന സീറ്റ് വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് ജോസഫ് നേതൃത്വം തയ്യാറായില്ല. പാർട്ടി വൈസ് ചെയർമാൻ റെജി ചെറിയാനെയാണ് കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത്. രാജിവച്ച ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അടക്കമുള്ളവർ സീറ്റിനായി രംഗത്തുണ്ടായിരുന്നു. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ കഴിഞ്ഞ ദിവസം മങ്കൊമ്പിൽ പ്രകടനവും നടത്തി. യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെയ്യാൻ പ്രചരണം തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫുംജനറൽ സെക്രട്ടറി കെ ഗോപകുമാറും രാജിവച്ചത്. സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.
വിമതനായി മത്സരിക്കാനുള്ള സജി ജോസഫിന്റെ തീരുമാനത്തെ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു . സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഘടകകക്ഷിക്ക് കൊടുക്കാനുള്ള യുഡിഎഫ് തീരുമാനത്തെ അംഗീകരിക്കുന്നതായി നേതാക്കൾ പറഞ്ഞു. കോൺഗ്രസിന് സീറ്റ് കിട്ടണമെന്നല്ലാതെ ആരുടെയും പേര് നിർദ്ദേശിച്ചിരുന്നില്ല എന്നും ബ്ലോക്ക് പ്രസിഡൻ്റുമാർ പറഞ്ഞു .