മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താന്‍ പാലക്കാട് മത്സരത്തിന് ഇറങ്ങുന്നതെന്ന് നടന്‍ രമേഷ് പിഷാരടി. താന്‍ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി പറഞ്ഞു.
പാലക്കാട് മത്സരിക്കാനായി പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. ജനങ്ങളെ പരമാവധി നേരിൽ കണ്ടായിരിക്കും പ്രചാരണം. പ്രത്യേക തന്ത്രങ്ങളൊന്നും ഉപയോഗിക്കില്ല. പരിമിതമായ സമയമേയുള്ളൂ. തന്നെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഷാഫി ഗംഭീരമായി മണ്ഡലം നോക്കി നടത്തിയ എംഎൽഎയാണ്. ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വിവാദം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണെന്നും അതിനെ കാര്യമാക്കുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു
രാഹുലിനെ താൻ പിന്തുണച്ചുവെന്നത് ആ സമയത്ത് വന്ന ഒരു തലക്കെട്ട് മാത്രമാണ്. തന്നോട് ചോദ്യം ഉണ്ടായ സമയത്ത് രാഹുലിനെതിരെ പരാതി ഉണ്ടായിരുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉള്ള കേസുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിയിൽ ഇരിക്കുകയാണ്. ഒന്നര വർഷം കൊണ്ട് 13 വീടുകളാണ് രാഹുൽ മണ്ഡലത്തിൽ വച്ചു കൊടുത്തത്. എട്ട് വീടുകൾ പകുതിയ്ക്ക് നിൽക്കുകയാണ്. നല്ലത് എന്തുണ്ടോ അതൊക്കെ ഏറ്റെടുക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.