40 സ്ഥാനാർഥികളുമായി കോൺഗ്രസിന്റെ രണ്ടാമത്തെ പട്ടിക ഇന്ന്. കണ്ണൂര്‍ സീറ്റില്‍ ഇന്ന് പ്രഖ്യാപനമുണ്ടാകില്ല. കണ്ണൂരില്‍ മല്‍സരിക്കാന്‍ കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങാനാണ് സുധാകരന്‍റെ നിര്‍ദേശം. 

കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗശേഷം പട്ടിക പ്രഖ്യാപിക്കും. എൽദോസ് കുന്നപ്പിള്ളിലിന് സീറ്റ് ഉണ്ടാകില്ല. ഉല്ലാസ് തോമസും  മനോജ് മൂത്തേടനുമാണ് പരിഗണനയിൽ. കോന്നിയിൽ അടൂർ പ്രകാശ് നിർദ്ദേശിക്കുന്നയാൾ സ്ഥാനാർഥിയാകും. ഭൂരിഭാഗം മണ്ഡലങ്ങളിലും ഒറ്റപേരിലേക്ക് എത്തി എങ്കിലും കായംകുളം അടക്കം ചില മണ്ഡലങ്ങളിൽ ഇപ്പോഴും ഒന്നിലധികം പേരുണ്ട്. കൊച്ചിയിൽ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് മത്സരിക്കും. തൃപ്പൂണിത്തുറയിൽ ദീപക് ജോയ് സ്ഥാനാർഥിയാകും.

 

Also Read: ലീഗിലും കലഹം; പ്രതിഷേധം മുതലെടുക്കാന്‍ അപ്രതീക്ഷിത നീക്കവുമായി സിപിഎം

 

അവശേഷിക്കുന്ന മുഴുവന്‍ സീറ്റുകളിലും ഇന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് സൂചന നല്‍കി . രാഹുല്‍ഗാന്ധിയെ കാണാന്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ ഡല്‍ഹിയിലെത്തി. സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയെങ്കിലും രാഹുല്‍ ഗാന്ധിയെ കാണാന്‍ കഴിയാതെ മടങ്ങി. നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു. 

 

തർക്കമുള്ള സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ പ്രശ്നം തീരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു. എം.പിമാരില്‍ ഒരാൾക്ക് അവസരം കൊടുത്താൽ മറ്റുള്ളവർ ആഗ്രഹം പ്രകടിപ്പിക്കും.  എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടുള്ള താൻ എങ്ങനെ സുധാകരനെ കാണും. എന്നെ കണ്ടാൽ സുധാകരന് ചതുർഥിയാവില്ലേയെന്നും ഉണ്ണിത്താൻ ചോദിച്ചു. അതേസമയം, സീറ്റിനായുള്ള കെ.സുധാകരന്‍റെ പിടിവാശി സ്വാഭാവികമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. 

 

കുട്ടനാട് വിമതസ്ഥാനാര്‍ഥി സജി ജോസഫിനെ നേതൃത്വം തള്ളി .  വിമതസ്ഥാനാര്‍ഥിയാകാനുള്ള തീരുമാനം തങ്ങള്‍ അറിയാതെയെന്നും യുഡിഎഫ് ഘടകകക്ഷിയുടെ സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്നുവെന്നും നേതൃത്വം വ്യക്തമാക്കി. 

 

ഒറ്റപ്പാലത്ത്,  സിപിഎം വിട്ട് പുറത്തുവന്ന മുന്‍ എംഎല്‍എ പി.കെ.ശശി യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. മാര്‍ക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മയാണ് പ്രഖ്യാപനം നടത്തിയത്. പാലക്കാട് ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ കൂട്ടയ്മ യുഡിഎഫിനെ പിന്തുണയ്ക്കും. നാളെ ഒറ്റപ്പാലത്ത് റോഡ് ഷോയോടെ പി.കെ. ശശി പ്രചാരണം തുടങ്ങും

ENGLISH SUMMARY:

K Sudhakaran's stubbornness regarding the Kannur seat is creating a stir in the Kerala Congress candidate list announcement. The party is planning to declare the remaining 40 candidates today, with the exception of the controversial Kannur constituency, adding to the ongoing political discussions.