tk-govindan-expelled-from-cpm

'തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ കലഹിച്ച് പാര്‍ട്ടിവിട്ട കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം ടി.കെ.ഗോവിന്ദനെ സിപിഎം പുറത്താക്കി. ഗോവിന്ദന്‍ കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്നും പാര്‍ട്ടിക്കെതിരെ മല്‍സരിക്കുന്നത് സംഘടനാവിരുദ്ധമാണെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്‍ററി ത്വരയാണ് ഗോവിന്ദന്‍ പാര്‍ട്ടിക്കെതിരെ തിരിയാന്‍ കാരണം. തളിപ്പറമ്പിലെ സ്ഥാനാര്‍ഥി പി.കെ.ശ്യാമളയെ കുറിച്ച് നീചമായി പറഞ്ഞു. പാര്‍ട്ടിക്കെതിരെ പച്ചനുണ പടച്ചുവിടുകയാണ് ഗോവിന്ദന്‍.  ബന്ധുത്വം പരിഗണിച്ചല്ല ആരെയും സ്ഥാനാര്‍ഥിയാക്കുന്നതെന്നും സേവനം കണക്കിലെടുത്താണ് തീരുമാനമെന്നും കഴിഞ്ഞ 40 വര്‍ഷമായി പി.കെ.ശ്യാമള പാര്‍ട്ടിയിലുണ്ടെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു. 

പാര്‍ട്ടിക്കുള്ളില്‍ നടന്ന സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ടി.കെ.ഗോവിന്ദന്‍റെ പേരുയര്‍ന്നില്ല. ജില്ലാ സെക്രട്ടേറിയറ്റില്‍ സ്വയം പേരു പറഞ്ഞുവെന്നും സണ്ണി ജോസഫിനായി വിടുപണി ചെയ്യുകയാണിപ്പോള്‍ എന്നും ജില്ലാ നേതൃത്വം ആരോപിച്ചു. ആരെ സ്ഥാനാര്‍ഥിയാക്കിയാലും ഗോവിന്ദന്‍ എതിര്‍ത്തേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്തൂരിലെ സാജന്‍റെ ആത്മഹത്യ സംബന്ധിച്ച് ടി.കെ.ഗോവിന്ദന്‍ പറഞ്ഞത് നുണയാണ്. ആ കെട്ടിടത്തിന് ഇപ്പോഴും പെര്‍മിറ്റില്ല. അന്ന് അനുമതിക്കായി ഇടപെട്ടത് ശ്യാമളയാണെന്ന് എം.വി.ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷമില്ലാതെ സിപിഎം ഭരിച്ച ആന്തൂര്‍ നഗരസഭ ബക്കളം പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്‍ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഉടമ സാജന്‍ 2019 ജൂണിലാണ് ജീവനൊടുക്കിയത്. നഗരസഭയില്‍ പലതവണ കയറിയിറങ്ങിയിട്ടും കെട്ടിടത്തിന് ഉടമസ്ഥാവകാശ രേഖ ലഭിച്ചിരുന്നില്ല. പി.കെ.ശ്യാമളയായിരുന്നു അന്ന് നഗരസഭാധ്യക്ഷ. ശ്യാമളയുടെ ഇടപെടലാണ് അനുമതി ലഭിക്കാത്തതിന് കാറണമെന്നായിരുന്നു അന്ന് ഉയര്‍ന്ന ആരോപണം. നിസാര കാര്യങ്ങള്‍ പറഞ്ഞ് ഫയല്‍ പിടിച്ചു വയ്ക്കുകയാണെന്ന് സാജന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. 

ENGLISH SUMMARY:

The CPM Kannur District Committee has officially expelled senior leader TK Govindan for contesting as an independent against official candidate PK Shyamala in Taliparamba. District Secretary KK Ragesh labeled Govindan's move as "political treachery" and driven by "parliamentary greed." Ragesh defended PK Shyamala's selection, stating it was based on her 40-year service and not nepotism.