court-verdict-on-dr-vandana-murder-case

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി. പ്രതിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളെല്ലാം തെളിഞ്ഞുവെന്നും കോടതി. ശിക്ഷ മറ്റന്നാള്‍ (വ്യാഴം) വിധിക്കും. കേസില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച 302–ാം വകുപ്പ്, ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന 307–ാം വകുപ്പ്, അതീവ ഗുരുതരമായ പരുക്കേല്‍പ്പിച്ചെന്ന കുറ്റം, തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയെന്ന വകുപ്പ് ഇതെല്ലാം തെളിഞ്ഞുവെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് എന്നീ വകുപ്പുകള്‍ പ്രകാരം സന്ദീപ് കുറ്റക്കാരനാണെന്നും സംശയാതീതമായി ഇവയെല്ലാം തെളിയിക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കിയതായി പ്രോസിക്യൂട്ടര്‍ പ്രതാപ് ജി.പടിക്കല്‍ പ്രതികരിച്ചു. 2023 മേയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ചാണ് പ്രതി സന്ദീപ്, ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്.

പ്രതിക്ക് യാതൊരു തരത്തിലുള്ള മാനസിക വിഭ്രാന്തിയുമില്ലെന്ന് കുറ്റകൃത്യം നടന്ന് മൂന്നാം ദിവസം വിദഗ്ധ ഡോക്ടര്‍ സ്ഥിരീകരിച്ചു. മെഡിക്കല്‍ ബോര്‍ഡിന്‍റെ ശുപാര്‍ശ പ്രകാരം വീണ്ടും പ്രതിയെ ഡോക്ടര്‍മാര്‍ കണ്ടുവെന്നും ഇതിലും പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ മൂന്നാമത്തെ കൂടിക്കാഴ്ചയില്‍ തനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂട്ടര്‍ ആരോപിച്ചു.  പ്രതിക്കനുകൂലമായി ഒപ്പം ജോലി ചെയ്ത അധ്യാപകര്‍ മൊഴി നല്‍കിയെങ്കിലും ഇതിനെ ഖണ്ഡിക്കാന്‍ കഴിഞ്ഞുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

സങ്കീര്‍ണമായിരുന്നു കേസ് അന്വേഷണമെന്നും എന്നാല്‍ സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാന്‍ കഴിഞ്ഞുവെന്നും  കോടതിയില്‍ തെളിയിക്കാനായെന്നും അതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും കേസന്വേഷണത്തില്‍ ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പുലർച്ചെയായിരുന്നു കേരളം നടുങ്ങിയ ആ ദാരുണ സംഭവം നടന്നത്. വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്രസിങ് റൂമിൽ മുറിവ് കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി അക്രമാസക്തനായ പ്രതി മുന്നിൽ കണ്ട സർജിക്കൽ കത്രിക കൈക്കലാക്കി പോലീസുകാരെയും കൂടെയുണ്ടായിരുന്നയാളെയും ആക്രമിച്ചു. ഭീതിയിൽ എല്ലാവരും ഓടി മാറി. പക്ഷേ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിന് അവിടെനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഡ്രസിങ് റൂമിൽ നിന്നും പുറത്തേക്ക് ഓടാൻ ശ്രമിച്ച വന്ദനയെ പ്രതി തടഞ്ഞു. അവസാനം, നെഞ്ചിലും കഴുത്തിലും മുതുകിലുമായി പല തവണ കുത്തി പരിക്കേൽപ്പിച്ചു. 

ജീവനുവേണ്ടി പോരാടിയ യുവ ഡോക്ടർ ഒടുവിൽ മരണത്തിന് കീഴടങ്ങി. അന്വേഷണം പൂർത്തിയായതോടെ കേസ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണയ്ക്ക് എത്തി. വാദത്തിനിടെ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. എന്നാൽ സാക്ഷിമൊഴികളും തെളിവുകളും നിരത്തി പ്രോസിക്യൂഷൻ അത് ശക്തമായി എതിർത്തു. കുറ്റപത്രത്തിലെ വാദങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി.പടിക്കല്‍ പറഞ്ഞു.  കേസിൽ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 200-ലധികം രേഖകളും കോടതിയിൽ ഹാജരാക്കി.

ENGLISH SUMMARY:

In a landmark judgment, the Kollam Additional Sessions Court found accused G. Sandeep guilty of murdering house surgeon Dr. Vandana Das at Kottarakkara Taluk Hospital in 2023. The court rejected the defense's insanity plea, relying on strong forensic evidence and witness testimonies. Sentence to be announced on March 18, 2026