ഇത്തവണ മല്‍സരിക്കാനില്ലെന്ന് എം.ടി.രമേശ് ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വലിയ നേതാവല്ലെന്നും ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങള്‍ സീറ്റുകള്‍ വീതം വയ്ക്കുകയാണെന്നും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു തുറന്നടിച്ചു. തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍ സീറ്റുകളില്‍ ബിജെപി നേതാക്കളെ വെട്ടി ട്വന്‍റി20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മരുമകനാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ഥി.

 

തൃശൂരില്‍ മല്‍സരിക്കാനായിരുന്നു എം.ടി രമേശിന് താല്‍പര്യം. അവിടെ പത്മജ സ്ഥാനാര്‍ഥിയായി. ആദ്യഘട്ടപട്ടികയില്‍ എം.ടി രമേശിന്‍റെ പേരുണ്ടായിരുന്നില്ല. കുമ്മനം രാജശേഖരനൊപ്പം ആറന്മുളയിലേയ്ക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ മല്‍സരിക്കാനില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാമെന്നും രമേശ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന്‍ സ്ഥാനാര്‍ഥിയായതോടെ ആ സീറ്റില്‍ കണ്ണുവച്ചിരുന്ന നോബിള്‍ മാത്യു പരസ്യകലാപത്തിലാണ്. നോബിളിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ജോര്‍ജ് കുര്യന്‍ പാര്‍ട്ടിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് മറ്റൊരും വളര്‍ന്നുവരുന്നത് ഇഷ്ടമില്ലാത്ത ആളാണെന്നും നോബിള്‍ ആരോപിച്ചു. സംസ്ഥന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നുവെന്നും നോബിള്‍.   

 

തൃപ്പൂണിത്തുറയും കൊടുങ്ങല്ലൂരും ബിജെപിയിലെ ഒരു വിഭാഗത്തിന്‍റെ ശക്തമായ എതിര്‍പ്പ് തള്ളി ട്വന്‍റി ട്വന്‍റിക്ക് നല്‍കി. ബിജെപി ഭരിക്കുന്ന നഗരസഭ ഉള്‍പ്പെടുന്ന തൃപ്പൂണിത്തുറയില്‍ സിനിമാനടി അഞ്ജലി നായര്‍ ട്വന്‍റി20 സ്ഥാനാര്‍ഥിയാകും. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്‍ മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്ന കൊടുങ്ങല്ലൂര്‍ സീറ്റില്‍ ഉമ്മന്‍ ചാണ്ടിയുടെ മരുകനും ട്വന്‍റി20 യുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് വര്‍ഗീസ് ജോര്‍ജ് ആണ് മല്‍സരിക്കുക. പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയയെയും ഏറ്റുമാനൂരില്‍ വീണ നായരെയും ചാലക്കുടിയില്‍ ചാര്‍ളി പോളിനെയും പിറവത്ത് ജിബി അബ്രാഹമിനെയും റാന്നിയില്‍ തോമസ് കെ സാമുവലിനെയും ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു.

ENGLISH SUMMARY:

Tensions have surfaced within the BJP in Kerala as senior leader M.T. Ramesh informed the central leadership that he will not contest in the upcoming elections. Minority Morcha National Vice President Noble Mathew has openly criticized the party leadership, accusing core committee members of dividing seats among themselves. The controversy deepened after the Twenty20 party announced candidates in constituencies like Thrippunithura and Kodungallur, sidelining BJP leaders. Noble Mathew was later suspended after publicly attacking Union Minister George Kurian and state leaders over the seat allocation.