രാജ്യത്ത് ചുമ മരുന്നുകളുള്‍പ്പെടെയുള്ള സിറപ്പുകളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സിറപ്പുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍ക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മരുന്നുകടകളും ആശുപത്രിയിലെ മരുന്ന് കൗണ്ടറുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമമരുന്നും മറ്റു സിറപ്പുകളും നേരിട്ട് നല്‍കുന്നതാണ് തടഞ്ഞത്.
ഇതിനായി കേന്ദ്ര ഡ്രഗ്സ് നിയമത്തിലെ ഷെഡ്യൂൾ കെ–യിൽനിന്ന് 'സിറപ്പ്' വിഭാഗം മരുന്നുകള്‍ ഒഴിവാക്കിയാണ് വിജ്ഞാപനം. മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ച് ഇരുപതില്‍പ്പരം കുട്ടികള്‍ മരിച്ച പശ്ചാത്തലത്തിലാണ് നടപടി. മരണങ്ങള്‍ക്കുപിന്നാലെ ജനുവരിയില്‍ കേന്ദ്രം കരടുവിജ്ഞാപനം പുറത്തിറക്കിയിരുന്നു.
ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ സിറപ്പുകൾ ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ കേന്ദ്ര നടപടിയെ ഐഎംഎ പ്രതിനിധി ഡോക്ടർ രാജീവ് ജയദേവൻ സ്വാഗതം ചെയ്തു.