കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച 'വടകര കാഫിർ സ്ക്രീൻഷോട്ട്' കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണ്ണായക നീക്കം. ഡി.വൈ.എഫ്.ഐ (DYFI) ബ്ലോക്ക് കമ്മിറ്റി അംഗമായ ജിതിൻ ഭാസ്കര്‍ അറസ്റ്റില്‍. വടകര ക്രൈംബ്രാഞ്ച് ഓഫീസില്‍ റൂറൽ എസ്.പി മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയതത്.

2024 ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് വടകര മണ്ഡലത്തെ ഇളക്കിമറിച്ച കാഫിർ സ്ക്രീൻഷോട്ട് വിവാദം ഉണ്ടാകുന്നത്. മുൻപ് പൊലീസ് അന്വേഷണം നടത്തിയപ്പോൾ 'വടകര സ്ക്വാഡ്' എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലേക്ക് ഈ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷ് രാമകൃഷ്ണൻ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് അന്വേഷണം പാതിവഴിയിൽ നിലച്ചു.

പുതിയ എസ്.ഐ.ടി രൂപീകരിച്ചതിന് പിന്നാലെ നടത്തിയ വിശദമായ ശാസ്ത്രീയ അന്വേഷണത്തിലാണ് റിബേഷിന് ഈ സ്ക്രീൻഷോട്ട് കൈമാറിയത് ജിതിൻ ഭാസ്കർ ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ജിതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ക്രീൻഷോട്ട് നിർമ്മിക്കുന്നതിലും അത് വ്യാപകമായി പ്രചരിപ്പിക്കുന്നതിലും ജിതിൻ ഭാസ്കറിന് അതീവ നിർണ്ണായക പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.

ഈ വിവാദ സ്ക്രീൻഷോട്ട് വ്യാജമായി നിർമ്മിച്ചത് ജിതിൻ ഭാസ്കർ നേരിട്ടാണോ എന്ന കാര്യത്തിൽ എസ്.ഐ.ടി ഇപ്പോഴും പൂർണ്ണ സ്ഥിരീകരണം നൽകിയിട്ടില്ല. ഇതിന് പിന്നിൽ മറ്റൊരു പ്രധാന വ്യക്തി കൂടി ഉണ്ടെന്നാണ് സൂചന. എങ്കിൽപ്പോലും ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളിൽ ഒരാളാണ് ജിതിൻ. ജിതിനെ കൃത്യമായി ചോദ്യം ചെയ്യുന്നതിലൂടെ അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ ഈ വ്യാജ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം (Origin) കണ്ടെത്താൻ കഴിയുമെന്ന ഉറപ്പിലാണ് അന്വേഷണ സംഘം.

ENGLISH SUMMARY:

Vadakara screenshot case sees a significant development with the arrest of DYFI block committee member Jithin Bhaskar. This arrest by the SIT is a crucial step in uncovering the origin and spread of the controversial screenshot that rocked the Vadakara constituency during the 2024 Lok Sabha elections.