സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അധിക സീറ്റ് എന്ന മോഹത്തിന് തിരശീല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റില്‍ തന്നെ ഇത്തവണയും കേരള കോണ്‍ഗ്രസ് മത്സരിക്കേണ്ടിവരും. പതിമൂന്നാമത്തെ സീറ്റില്‍ സിപിഎമ്മുമായി ധാരണയായില്ല. ഉഭയകക്ഷി ചര്‍ച്ച നടത്തുന്ന സമയത്താണ് തീയതി വന്നത്. തിരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാല്‍ സിപിഎം സ്ഥാനാര്‍ഥികളെ  പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസ് വെട്ടിലായി. 

കേരള കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്ന കോഴിക്കോട്ടെ കുറ്റ്യാടി, പേരാമ്പ്രാ സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടിയില്‍ സിറ്റിങ് എംഎല്‍എ കെ.പി കുഞ്ഞമ്മദ്‌ കുട്ടിയും പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണനുമാണ് മത്സരിക്കുക. ഇനി കേരള കോണ്‍ഗ്രസിന് 13 സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. 2021 ല്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെച്ചൊല്ലി പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് സിപിഎം ഏറ്റെടുത്തതും സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും.

2021 ല്‍ ലീഗില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തത് വെറും 333 വോട്ടുകള്‍ക്കാണ്. ഇത്തവണയും മുന്‍ എംഎല്‍എ കൂടിയായ പാറക്കല്‍ അബ്ദുല്ല യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയാല്‍ മല്‍സരം കടുക്കും. അവിടെ സിറ്റിങ് എംഎല്‍എയെ തന്നെ മല്‍സരിച്ചാല്‍ കാര്യങ്ങള്‍ എളുപ്പവമാവുകയും ചെയ്യും. ഇതാണ് കുറ്റ്യാടി സിപിഎം കൈവിടാത്തതിന് പിന്നില്‍. സിറ്റിങ് എംഎല്‍എയെ മത്സരിപ്പിക്കണമെന്നതായിരുന്നു സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം. 

ഇനി പ്രഖ്യാപിക്കാനുള്ള സീറ്റുകളും കേരള കോണ്‍ഗ്രസിന് താല്‍പര്യമില്ലാത്തതാണ്. കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, പാലക്കാട്, തിരൂര്‍ സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇവിടേക്ക് കേരള കോണ്‍ഗ്രസിനെ പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. 12 സീറ്റില്‍ ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ മത്സരിക്കും. പാര്‍ട്ടി ചെയര്‍മാന്‍ പാലയിലും മത്സരിക്കും. നിലവിലെ അഞ്ച് എംഎല്‍എമാരും ഇത്തവണയും മത്സരിക്കും. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കടുത്തുരുത്തി, പൂഞ്ഞാർ, തൊടുപുഴ, പെരുമ്പാവൂർ, റാന്നി, പിറവം, ചാലക്കുടി, ഇരിക്കൂർ എന്നിവിടങ്ങളിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുക. 

ENGLISH SUMMARY:

Kerala Congress M's hopes for an additional seat have been dashed following the CPM's announcement of candidates, forcing them to contest in their existing 12 seats without an agreement for a 13th. The CPM's decision to field candidates in seats like Kuttiyadi and Perambra, which Kerala Congress M had hoped for, has put the party in a difficult position given the limited time before the election.