നാട്ടിക എംഎല്‍എ സി.സി.മുകുന്ദനെ പാര്‍ട്ടിയില്‍ നിന്ന് സി.പി.ഐ. പുറത്താക്കി. ചോര്‍ന്നൊലിക്കുന്ന വീട് നേരെയാക്കി തരാമെന്ന് പറഞ്ഞ് പാര്‍ട്ടി നേതാക്കള്‍ ചതിച്ചെന്ന് സി.സി.മുകുന്ദന്‍ ആരോപിച്ചു. സ്വതന്ത്രനായി മല്‍സരിക്കുമെന്ന് സി.സി.മുകുന്ദന്‍ എം.എല്‍.എ. പ്രഖ്യാപിച്ചിരുന്നു. മാത്രവുമല്ല, പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ വരുന്ന മുന്‍ എം.എല്‍.എ: ഗീത ഗോപിയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയും ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്‍റെ പേരില്‍ മുകുന്ദനെ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. മുകുന്ദനെ പുറത്താക്കാന്‍ ജില്ലാ കൗണ്‍സിലും നിര്‍ദേശിച്ചു.
സ്വതന്ത്രനായി മല്‍സരിക്കാനാണ് തീരുമാനം. യു.ഡി.എഫ് പിന്തുണ കിട്ടുമോയെന്ന് ഇന്നോ നാളേയോ അറിയാം. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നി വീണ് മുകുന്ദന് പരുക്കേറ്റിരുന്നു. വീട് നേരെയാക്കാന്‍ എം.എ. യൂസഫലി ഉള്‍പ്പെടെ മുന്നോട്ടുവന്നു. പാര്‍ട്ടി സഹായിക്കാമെന്ന ഉറപ്പില്‍ യൂസഫലിയുടേത് ഉള്‍പ്പെടെ എല്ലാ സഹായങ്ങളും വേണ്ടെന്നു വച്ചിരുന്നു. പക്ഷേ, പാര്‍ട്ടി ചതിച്ചെന്ന് മുകുന്ദന്‍ പറഞ്ഞു.
മുകുന്ദനെ ചുമട്ടുതൊഴിലാളിക്കിയത് പാര്‍ട്ടിയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഭാര്യയ്ക്കു സഹകരണ സംഘത്തില്‍ ജോലി നല്‍കിയെന്ന വാദം ശരിയല്ലെന്ന് മുകുന്ദന്‍ പറഞ്ഞു. രണ്ടു ദിവസത്തിനകം ചില പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കൂടുതല്‍ തുറന്ന് പറയാനുണ്ടെന്ന് മുകുന്ദന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, നാട്ടികയില്‍ സി.സി.മുകുന്ദന്‍ എം.എല്‍.എയെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം. സി.പി.ഐയിലെ സ്ക്രാപ്പ് കോണ്‍ഗ്രസിനു വേണ്ടെന്ന് പ്രാദേശിക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
സി.സി. മുകുന്ദന്‍ എം.എല്‍.എയ്ക്ക് എതിരെ അഞ്ചുവര്‍ഷം സമരം ചെയ്തിരുന്നു. ഒറ്റയടിച്ച് അതേമുകുന്ദന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വരുന്നതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിന്‍റെ പ്രാദേശിക വികാരം മുകുന്ദനെതിരാണ്. കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തു പരിഹരിക്കട്ടെ. സ്വതന്ത്രനായി മല്‍സരിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തോട് സി.സി. മുകുന്ദന്‍ പ്രതികരിച്ചത്.