മന്നം സമാധി സന്ദർശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും എൻ.എസ്.എസിനെതിരെയും ഉയർന്ന ആരോപണങ്ങളെ ശക്തമായി തള്ളി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും, സുരേഷ് ഗോപി എത്തിയത് ഗേറ്റ് അടച്ചിരുന്ന സമയത്താണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുരേഷ് ഗോപി സമാധിയിൽ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചിട്ടുപോലുമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സന്ദർശനം പൂർണ്ണമായും ഒരു രാഷ്ട്രീയ കരുനീക്കമായിരുന്നു.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ എസ്.പി.ജി പരിശോധനയ്ക്കായി പട്ടിയെ കയറ്റാൻ അനുവദിക്കില്ലെന്ന് താൻ നിലപാട് സ്വീകരിച്ചിരുന്നു. എൻ.എസ്.എസിനെ സംബന്ധിച്ചിടത്തോളം മന്നം സമാധി ഒരു ക്ഷേത്രം പോലെ വിശുദ്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

എൻ.എസ്.എസിനെ പിടിച്ചെടുക്കാമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ അദ്ദേഹം പുച്ഛിച്ചുതള്ളി. എൻ.എസ്.എസിനെ തകർക്കാൻ ശ്രമിച്ച മുൻകാല നേതാക്കളുടെ ഗതി എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും, ഭീരുക്കളുടെ പ്രസ്താവനകളെ താൻ വകവെക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സുരേഷ് ഗോപിയുടെ നടപടി തെറ്റാണെന്ന് ബി.ജെ.പിയിലെ തന്നെ ചില നേതാക്കൾക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അവർ തിരുത്തി സംസാരിച്ചത്. തന്റെ സംഘടനയ്ക്ക് ഈ നടപടി ദോഷം ചെയ്യുമെന്ന് ഉമാ ശശികലയെപ്പോലെയുള്ളവർക്ക് മനസ്സിലായിട്ടുണ്ട്.

മുൻപ് ഉമ്മൻചാണ്ടിയും കെ.എം. മാണിയും ഭരിച്ചിരുന്ന കാലം ഇതിലും ഭേദമായിരുന്നുവെന്ന് സുകുമാരൻ നായർ പറഞ്ഞു. അവര്‍ക്ക്  വ്യക്തമായ ഒരു വീക്ഷണം ഉണ്ടായിരുന്നു. നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് താനെന്നും, തന്റെ ലക്ഷ്യം മന്നത്തിന്റെ പാതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും പേടിക്കാനില്ലെന്നും താൻ ആത്മധൈര്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

NSS General Secretary G. Sukumaran Nair has strongly refuted allegations against him and the NSS regarding the visit to Mannam Samadhi. He clarified that entry was never denied to anyone, explaining that Suresh Gopi arrived when the gates were closed. Nair termed the visit a political maneuver and stated that Gopi had not even sought permission for a floral tribute. Defending the sanctity of the Samadhi, he criticized Gopi's remarks about "capturing" the NSS, dismissing them as the words of cowards and recalling the fate of those who previously tried to weaken the organization.