ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചുവെന്ന സിപിഎം വാദം പൊളിച്ച് കെഎസ്‌യു . സിപിഎം പുറത്തുവിട്ട ദൃശ്യത്തിൽ ഉള്ളത് മന്ത്രിയുടെ തന്നെ ഗൺമാൻ ആണെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ ഇത് കരിങ്കൊടി ആണെന്നാണ് സിപിഎം നേതാക്കളുടെ വാദം.

 

ശരിക്കും കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ ദേഹത്ത് സ്പർശിച്ചോ! ഇന്നലെ മുതൽ ഉയരുന്ന ചോദ്യം ഇതാണ് . പുറത്തുവന്ന ദൃശ്യങ്ങളിൽ എവിടെയും നേരിട്ടുള്ള സ്പർശനം പ്രകടമായിരുന്നില്ല. മറ്റു ദൃശ്യങ്ങൾ ഉണ്ടോ എന്ന് പരതുകയായിരുന്നു ഇരു കൂട്ടരും. അതിനിടെ സിപിഎം സൈബർ കേന്ദ്രങ്ങൾ സ്ലോ മോഷനിൽ എഡിറ്റ് ചെയ്ത ദൃശ്യം പ്രചരിപ്പിക്കാൻ തുടങ്ങി. കറുത്ത തുണികൊണ്ട് കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്നതിന് തെളിവ് ഇതാണ് എന്നായിരുന്നു സൈബർ പേജുകളിലെ അടിക്കുറിപ്പ്. സിപിഎം നേതാക്കളും ഇത് ഏറ്റുപിടിച്ചു.

 

എന്നാൽ ഇതേ ദൃശ്യം സിപിഎമ്മിന് തന്നെ ബാധ്യതയായി. ദൃശ്യങ്ങളിൽ കാണുന്ന കറുത്ത തുണി മന്ത്രിയുടെ ഗൺമാന്റെ വസ്ത്രമാണ് എന്നാണ് കെഎസ്‌യുവിന്റെ വാദം. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ ദേഹത്ത് സ്പർശിച്ചിട്ടില്ലെന്നും മന്ത്രി നാടകം കളിക്കുന്നു എന്നുമാണ് വിമർശനം.  അതേസമയം, കെഎസ്‌യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന വ്യക്തമായ ദൃശ്യം പുറത്തു വിടുന്നവർക്ക് ഒരു പവൻ സ്വർണം നൽകുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു.

 

ENGLISH SUMMARY:

KSU has countered the CPM’s claim that Health Minister Veena George was attacked. According to KSU, the person seen in the visuals released by CPM is actually the minister’s own gunman. However, CPM leaders argue that it was a black flag. Did the KSU workers actually touch the minister? This has been the main question since yesterday. In the released visuals, no direct physical contact was visible anywhere. Both groups searched for additional footage. Meanwhile, CPM cyber centers began circulating edited slow-motion visuals. Cyber pages claimed that the black cloth seen in the video was proof that KSU workers attacked the minister. CPM leaders also endorsed this claim.