പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍

ഭൂരിഭാഗം മന്ത്രിമാരടക്കം 50 സിറ്റിങ് എംഎല്‍എമാരെ വീണ്ടും രംഗത്തിറക്കാന്‍ സി.പി.എം. എന്നാല്‍ കെ.കെ.ശൈലജയും എ.എന്‍.ഷംസീറും മല്‍സരിക്കുന്നതില്‍ ആശയക്കുഴപ്പം. ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കിയ പട്ടികയില്‍ എം.വി.നികേഷ് കുമാറിന്‍റെയും എം.മുകേഷിന്‍റെയും പേരില്ല. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പി.ബി അംഗങ്ങള്‍ മല്‍സരിക്കുന്നതില്‍ നാളെ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായേക്കും. Also Read: കൊല്ലത്ത് സിറ്റിങ് എംഎല്‍എമാരെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം; മുകേഷിന് ഇളവില്ല

കഴിഞ്ഞ തവണ കര്‍ശനമായി നടപ്പാക്കിയ രണ്ട് ടേം വ്യവസ്ഥ ഇത്തവണ സി.പി.എം മുറുകെ പിടിക്കില്ല. പാര്‍ട്ടി കോട്ടയിലെ ഉറച്ച സീറ്റുകളിലൊഴികെ ടേം വ്യവസ്ഥ ഒഴിവാക്കും. അതോടെ 50 സിറ്റിങ് എം.എല്‍.എമാരെങ്കിലും വീണ്ടും വോട്ട് തേടിയിറങ്ങും. അങ്ങിനെ വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ഒ.ആര്‍.കേളു, വി.അബ്ദുറഹിമാന്‍ എന്നീ മന്ത്രിമാര്‍ക്കും വീണ്ടും അവസരമൊരുങ്ങി. ഇവരേക്കൂടാതെ പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, മുഹമ്മദ് റിയാസ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, എം.ബി.രാജേഷ് എന്നീ മന്ത്രിമാരും വീണ്ടും സ്ഥാനാര്‍ഥിയാകും. എന്നാല്‍ കെ.കെ.ശൈലജയ്ക്കും എ.എന്‍.ഷംസീറിനും ഇളവുണ്ടോയെന്ന് സംശയമാണ്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കിയ പട്ടികയില്‍ ഇരുവരുമില്ല. 

ശൈലജയുടെ മട്ടന്നൂരില്‍ വി.കെ.സനോജ്, പി.പുരുഷോത്തമന്‍ എന്നിവരെയും  ഷംസീറിന്‍റെ തലശേരിയില്‍ എം.വി.ജയരാജന്‍, കാരായി രാജന്‍ എന്നിവരെയുമാണ് പരിഗണിക്കുന്നത്. എന്നാല്‍ ശൈലജയെ ഒഴിവാക്കുന്നതില്‍ മറ്റൊരു ചര്‍ച്ചയ്ക്ക് കാരണമാകുമോയെന്ന് ആശങ്കയുണ്ട്. അതിനാല്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പകരം തളിപ്പറമ്പില്‍ വനിതാ സ്ഥാനാര്‍ഥിയെ പരിഗണിക്കണമെന്നും അതില്‍ ശൈലജയെ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

ശൈലജയെ കൂടാതെ എന്‍.സുകന്യ, പി.കെ.ശ്യാമള എന്നിവരുടെയും പേരുണ്ട്. എം.വി.നികേഷ് കുമാറിന്‍റെ പേര് കണ്ണൂരിലെ മണ്ഡലങ്ങളിലില്ല. അഴിക്കോട് കെ.വി.സുമേഷും കല്യാശേരിയില്‍ വിജിനും തുടരാനാണ് സാധ്യത. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം നേരിടുന്ന ടി.ഐ.മദുസൂധനന്‍ തന്നെ പയ്യന്നൂരില്‍ മല്‍സരിച്ചേക്കും. കൊല്ലത്ത് മുകേഷിനെ ഒഴിവാക്കിയാണ് ജില്ലാ സെക്രട്ടേറിയറ്റിന്‍റെ പട്ടിക. പരിഭവമില്ലെന്ന് മുകേഷ് പ്രതികരിച്ചു.

എം.സ്വരാജിനെ പൊന്നാനി, നിലമ്പൂര്‍ മണ്ഡലങ്ങളിലായി പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രി ധര്‍മടത്ത് വീണ്ടും മല്‍സരിക്കാനാണ് സാധ്യതയെങ്കിലും നാളത്തെ പി.ബി ചര്‍ച്ച ചെയ്യും. എ.വിജയരാഘവന്‍റെ കാര്യത്തിലും നാളെ തീരുമാനമായേക്കും. വിജയരാഘവന്‍ മല്‍സരിച്ചാല്‍ ഭാര്യയും മന്ത്രിയുമായ ആര്‍.ബിന്ദുവിന് സീറ്റുണ്ടായേക്കില്ല.

ENGLISH SUMMARY:

The CPM has decided to field around 50 sitting MLAs again, including most ministers. However, uncertainty remains regarding the candidacy of K.K. Shailaja and A.N. Shamseer. The list prepared by the district secretariat does not include the names of M.V. Nikesh Kumar or M. Mukesh. A final decision on whether Politburo members, including the Chief Minister, will contest may be taken at tomorrow’s PB meeting.