വിവാദമായ ‘കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി. ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തതോടെ‘ദ കേരള സ്റ്റോറി 2’ നാളെ റിലീസ് ചെയ്യാനാകില്ല. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. 15 ദിവസത്തെക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ ഉണ്ടായിരിക്കുന്നത്.
സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് തടഞ്ഞത്. ഇത്തരത്തിലുള്ള സിനിമയ്ക്ക് എങ്ങനെ യുഎ സർട്ടിഫിക്കറ്റ് കിട്ടി എന്ന് കോടതി ചോദിച്ചു. സെൻസർ ബോർഡ് ഒരിക്കൽ കൂടി ചിത്രം കണ്ട് നടപടികൾ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹര്‍ജിക്കാരുടെ വാദങ്ങള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ അപ്രസക്തമാക്കരുത്. ഹര്‍ജിക്കാരുടെ ആവശ്യം സത്യസന്ധമെന്നും, സമയപരിമിതിമൂലം ചിത്രം കാണണമെന്ന് ഉത്തരവിടുന്നില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇന്നലെ പറഞ്ഞിരുന്നു. സിനിമ കാണുന്നതിന് പകരമാണ് ടീസറിന്റെ പരിഭാഷ ആവശ്യപ്പെടുന്നത്. കോടതിക്ക് കാണുന്നതിന് സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.