പറവൂരില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ ശക്തമായ മല്‍സരത്തിനൊരുങ്ങി എന്‍ഡിഎ. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം. ബിഡിജെഎസില്‍ നിന്ന് സീറ്റ് ബിജെപി ഏറ്റെടുക്കുന്നതും പരിഗണനയിലുണ്ട്.
പറവൂരില്‍ വി.ഡി സതീശനെ പൂട്ടാന്‍ മോഹിച്ചാണ് എല്‍ഡിഎഫിന്‍റെ കരുനീക്കം. കരുത്തനായ സ്ഥാനാര്‍ഥിക്കായി സിപിഐയില്‍ ചര്‍ച്ചകള്‍ സജീവമാണ്. ബിജെപിയും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. നിലവില്‍ പറവൂര്‍ സീറ്റ് ബിഡിജെഎസിന് അവകാശപ്പെട്ടതാണ്. മുതിര്‍ന്ന നേതാവിനെയോ, പൊതുസമ്മതനെയോ കളത്തിലിറക്കാനാണ് എന്‍ഡിഎയും ആലോചിക്കുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വി.ഡി സതീശനെതിരെ രംഗത്തുവന്നത് അടക്കം ബിജെപി പ്രചാരണ വിഷയമാക്കും.
2001 മുതല്‍ പറൂവൂരിന്‍റെ മേല്‍വിലാസം വി.ഡി സതീശനാണ്. 2016ല്‍ 28,097 വോട്ടുകള്‍ ബിഡിജെഎസ് നേടിയിരുന്നെങ്കില്‍ 2021ല്‍ 12,964 ആയി കുറഞ്ഞു.