അങ്ങനെ രണ്ടാം പിണറായി സര്‍ക്കാര്‍ രഹസ്യമായി ഒപ്പിട്ട പി.എം.ശ്രീ ധാരണാപത്രമിതാ യുഡിഎഫ് സര്‍ക്കാരിന് മുന്നില്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത് നാട്ടുകാര്‍ പോട്ടെ, കൂടെ മന്ത്രിസഭയില്‍ ഇരുന്നവര്‍ പോലും അറിഞ്ഞില്ലെങ്കില്‍ ഇന്നിതാ ഇതുമായി മുന്നോട്ടുപോകേണ്ട തരത്തില്‍ നിര്‍ബന്ധിതരാണ് ഞങ്ങളെന്ന് ക്യാബിനറ്റ് തീരുമാനശേഷം ജനങ്ങളോട് പറയുന്നു യുഡിഎഫ് സര്‍ക്കാര്‍. അന്ന് എല്‍ഡിഎഫ് ഒപ്പിട്ടു, പണം വാങ്ങാന്‍ തീരുമാനിച്ചു. ഒരു ഘട്ടത്തില്‍ എന്താണ് പി.എം.ശ്രീയില്‍ ചേര്‍ന്നാല്‍ കുഴപ്പമെന്നുവരെ അതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി നമ്മുടെ വിദ്യാഭ്യാസമന്ത്രി ചോദിക്കുന്നത് നമ്മള്‍ കേട്ടതാണ്. എല്ലാക്കാലത്തും ഒരേ നിലപാട് പറ്റുമോയെന്ന്. സിപിഐ ഇതല്ല എല്‍ഡിഎഫ്, ഇതാകരുത് എല്‍ഡിഎഫെന്ന് കടുപ്പിച്ചപ്പോള്‍ പദ്ധതി തല്‍ക്കാലമൊന്ന് നിര്‍ത്തിയതേയുള്ളൂ. ഞങ്ങളില്ലെന്ന് എല്‍ഡിഎഫ് കേന്ദ്രത്തോട് പറഞ്ഞിട്ടില്ല. തല്‍ക്കാലം നിര്‍ത്തിയെന്ന് കേന്ദ്രത്തെ അറിയിക്കുന്നതുതന്നെ ഏറെ സമയമെടുത്ത് എന്നും രാഷ്ട്രീയകേരളത്തിന് ഓര്‍മയുണ്ട്. അതെല്ലാം മറന്ന് ഇന്നിപ്പോള്‍ എല്‍ഡിഎഫ് യുഡിഎഫിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? കേന്ദ്രം തരേണ്ട പണം കിട്ടാന്‍ ഇതേ വഴിയുള്ളുവെന്ന് എല്‍ഡിഎഫിന് ആകാമെങ്കില്‍ യുഡിഎഫിന് പറ്റില്ലേ? പക്ഷെ ഒരു പ്രശ്നമുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും പറയുന്നിടത്തൊക്കെ ഒപ്പിടുന്നയാളാണ് പിണറായി എന്നുപറഞ്ഞ അന്നത്തെ പ്രതിപക്ഷനേതാവ്, ഇന്നത്തെ മുഖ്യമന്ത്രി അപ്പോള്‍ ആ നിലപാട് തിരുത്തുമോ? കരിക്കുലവും സ്കൂളുകളും ഞങ്ങള്‍ തീരുമാനിക്കുമെന്ന് കേരളം പറഞ്ഞാല്‍ കേന്ദ്രം സമ്മതിക്കുമോ? സമ്മതിച്ചില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്തുചെയ്യും?