പി.എം.ശ്രീയില്‍ തുടരാന്‍ കേരളം നിര്‍ബന്ധിതരെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ .കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവച്ച് പണം സ്വീകരിച്ചു. പിന്മാറാന്‍ കത്തും കൊടുത്തില്ല. പാഠ്യപദ്ധതി കേരളം തീരുമാനിക്കുമെന്നും  തുടര്‍ നടപടി നാലംഗ മന്ത്രിസഭാ ഉപസമിതി തീരുമാനിക്കും എന്നും മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തിന്  ശേഷം അറിയിച്ചു. കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ചില ഉപാധികളോടെ തുടരും. സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശവും കരിക്കുലം നിശ്ചയിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും സംസ്ഥാനത്തിന് നൽകണമെന്ന രണ്ട് പ്രധാന നിബന്ധനകളാണ് കേരള സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്.

മുൻ സർക്കാർ കരാറിൽ ഒപ്പുവെച്ചതിനാലും കേന്ദ്രത്തിൽ നിന്നുള്ള തുക സ്വീകരിച്ചതിനാലും പദ്ധതിയിൽ പങ്കാളിയാകാൻ സംസ്ഥാനം ഇപ്പോൾ നിർബന്ധിതമായിരിക്കുകയാണ്. കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള പണം സംസ്ഥാനത്തിന്റെ അവകാശമാണെന്നും വർഗീയ അജണ്ടകൾ നടപ്പാക്കാൻ കരിക്കുലത്തിൽ അനുവദിക്കില്ലെന്നും ആശങ്കകൾ പരിഹരിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.  കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവച്ച് പണം സ്വീകരിച്ചു. ഒപ്പിടില്ലെന്ന് പറഞ്ഞ ഇടത് സര്‍ക്കാര്‍ ഒളിച്ചുപോയി ഒപ്പിട്ടു. 1100 കോടിരൂപ കേരളത്തിന്‍റെ അവകാശമാണ് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ദേവസ്വം ബോര്‍ഡിന്‍റെ സ്പെഷല്‍ പ്ളീഡറായുള്ള കെ.ബി.പ്രദീപിന്‍റെ നിയമനം തിരുത്തിയില്ലേ എന്ന് മുഖ്യമന്ത്രി.  പ്രദീപിനെ മന്ത്രിസഭ അറി‍ഞ്ഞുതന്നെയാണ് നിയമിച്ചത്. ഏതൊക്കെ കേസില്‍ ഹാജരായെന്ന് അറിയില്ലല്ലോ എന്നും മുഖ്യമന്ത്രി

വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് ഭരണകാലത്ത് 4 വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍.അന്നത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി വിസിമാരുടെ നടപടിയെ ന്യായീകരിച്ചെന്നും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ അതിനെ വിമര്‍ശിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി. എന്നാല്‍ താന്‍ വിസിമാരെ ശക്തമായി വിമര്‍ശിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതുപോലെയാണ് പിണറായി സര്‍ക്കാര്‍ പി.എം.ശ്രീയില്‍ ഒപ്പിട്ടതെന്നായിരുന്നു പ്രതിപക്ഷനേതാവായിരിക്കേ വി.ഡി.സതീശന്റെ കടുത്ത വിമര്‍ശനം. പണം വാങ്ങുന്നതില്‍ തെറ്റില്ലെന്ന് ആവര്‍ത്തിച്ചെങ്കിലും സര്‍ക്കാരിന്റെ ഒളിച്ചുകളിയെന്ന് രൂക്ഷവിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

ENGLISH SUMMARY:

Chief Minister V.D. Satheesan has announced that Kerala will continue in the Centre’s PM SHRI scheme, citing commitments made by the previous government. The state has laid down key conditions, including full control over curriculum decisions and the authority to select participating schools. Satheesan also asserted that central funds are Kerala’s rightful entitlement and pledged that no communal agenda would influence the state's education system.