സിഎംആർഎൽ -എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയെ ഇഡി ചോദ്യം ചെയ്യുന്നു. രാവിലെ പത്തരയ്ക്ക് ഭർത്താവ് പി.എ.മുഹമ്മദ് റിയാസ് എം.എൽ.എക്കൊപ്പമാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയത്. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് വീണയിൽ നിന്നും ഇഡി ചോദിച്ചറിയുക.
രാവിലെ ഒൻപത് മണിയോടെ തന്നെ എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ കൊച്ചി മേഖല ഓഫീസിനുമുന്നിൽ പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. ഇതിന് നടുവിലേക്കാണ് പത്തരയോടെ ഭർത്താവ് മുഹമ്മദ് റിയാസ് എംഎൽഎയ്ക്കൊപ്പം ടി.വീണ വന്നിറങ്ങിയത്. ഇഡി ഓഫീസിന്റെ ഗേറ്റിനുമുന്നിൽ കാർ നിർത്തി വീണ ഒറ്റയ്ക്ക് അകത്തേക്ക് കയറിപ്പോയി. 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. നൽകാത്ത സേവനത്തിന് സിഎംആര്‍എല്‍- കമ്പനി വീണയ്ക്കും, എക്‌സലോജിക് കമ്പനിക്കും 2.78 കോടി രൂപ നൽകിയെന്നാണ് വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.
ഇക്കാര്യത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. മേയ് 27ന് നടത്തിയ റെയ്ഡിൽ വീണയുടെ ബാങ്ക് അക്കൗണ്ട് രേഖകളും, മൊബൈൽ ഫോണും ഇഡി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവക്കൊപ്പം, ആദായനികുതി വകുപ്പ് ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ റിപ്പോർട്ട്, SFIO അന്വേഷണ റിപ്പോർട്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ് വീണയോടുള്ള ചോദ്യങ്ങൾ.
ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണയ്ക്ക് നേരത്തെ നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. CMRL മാനേജിങ് ഡയറക്ടർ ശരൺ എസ്.കർത്ത, സ്ഥാപക എം.ഡി. ശശിധരൻ കർത്തയുടെ ഭാര്യയും സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയുടെ ഡയറക്ടറുമായ ജയ എസ്.കർത്ത എന്നിവരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.