ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബിജെപി മുന്നോട്ട് വെയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെയാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ മോദി കൊച്ചിയില്‍ പ്രചാരണത്തിനായെത്തും. സാമുദായിക നേതാക്കളെ കണ്ടും വികസന രേഖ പുറത്തിറക്കിയും ബിജെപി തിരഞ്ഞെടുപ്പ് കളത്തില്‍ മുന്‍തൂക്കം ലഭിക്കാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രകടനത്തെ കേരളത്തിലെ വോട്ടര്‍മാര്‍ എങ്ങനെ വിലയിരുത്തുന്നു എന്നാണ് സംസ്ഥാനത്തെ വോട്ടര്‍മാരോട് മനോരമന്യൂസ് – സി വോട്ടര്‍ ‘ഇലക്ഷന്‍ പള്‍സ്’ സര്‍വേയില്‍ ചോദിച്ചത്.
പ്രധാനമന്ത്രിയുടെ പ്രകടനം മോശം എന്നു പറയുന്നവരാണ് കൂടുതല്‍. സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 45.2% പേരും മോശം എന്നാണ് അഭിപ്രായപ്പെടുന്നത്. നല്ലതെന്ന് പറയുന്നത് 28.6 ശതമാനമാണ്. 19.8 ശതമാനം പേര്‍ ശരാശരിയെന്ന് അഭിപ്രായപ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്ത 6.4 ശതമാനം പേര്‍ക്ക് ഈ വിഷയത്തില്‍ അഭിപ്രായമില്ല. പ്രധാനമന്ത്രിയുടെ പ്രകടനം നല്ലതെന്ന് പറഞ്ഞവര്‍ ഓരോ ആഴ്ച കഴിയുന്തോറും കുറയുകയാണ്. ആദ്യ ആഴ്ചയില്‍ 31.2 %, രണ്ടാം ആഴ്ചയില്‍ 31.6 % എന്നിങ്ങനെയായിരുന്നു കണക്ക്. പ്രധാനമന്ത്രിയുടെ പ്രകടനം മോശം എന്ന അഭിപ്രായത്തില്‍ വലിയ മാറ്റങ്ങളില്ല. ആദ്യ ആഴ്ച 45.5 % പേരും രണ്ടാം ആഴ്ചയില്‍ 47.5 % പേരും മോശം എന്ന് അഭിപ്രായപ്പെട്ടു. രണ്ടു ശതമാനത്തോളം കുറഞ്ഞ് ഈ ആഴ്ചയില്‍ 45.2% ആയി.
രാഹുലോ മോദിയോ എന്ന ചോദ്യത്തിന് കേരളത്തിന്റെ പ്രത്യേക സാഹചര്യം വെച്ച് തന്നെ കാണേണ്ട വോട്ടിങാണ് നടന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിക്കാന്‍ തക്ക ദേശീയ വാർത്തകളൊന്നും കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായിട്ടില്ല. മോദിയോ രാഹുലോ ജനപ്രിയന്‍ എന്നാണ് ഇതിനോട് അനുബന്ധിച്ച് നല്‍കിയ മറ്റൊരു ചോദ്യം. രാഹുലിനെ 52 ശതമാനം പേര്‍ അനുകൂലിക്കുമ്പോള്‍ നരേന്ദ്ര മോദിക്കുള്ള പിന്തുണ 27% ആണ്. കഴിഞ്ഞ രണ്ട് ആഴ്ചകളിലും 30 ശതമാനം ആയിരുന്നു മോദിക്ക് കിട്ടിയ പിന്തുണ. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ ഓരോ ആഴ്ച കൂടുമ്പോഴും വര്‍ധിക്കുകയാണ്. ആദ്യ ആഴ്ച 48.5 %, രണ്ടാം ആഴ്ച 51.6% എന്നിങ്ങനെയായിരുന്നു നേരത്തെയുള്ള വോട്ടിങ്.