സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെയും പുനർ മൂല്യനിർണയത്തിലെയും അപാകതകളെ തുടർന്ന് സിബിഎസ്ഇ മേധാവികൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടി. പ്രധാനമന്ത്രിയുടെ കർശന നിർദ്ദേശപ്രകാരം സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും അതാത് പദവികളിൽ നിന്ന് നീക്കി. ഓൺ സ്ക്രീൻ മാർക്കിങ് കരാർ നൽകിയതിലെ ക്രമക്കേട് ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു ഏകാംഗ സമിതിയെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതിക്ക് മറ്റ് വകുപ്പുകളിൽ നിന്ന് സ്വതന്ത്രമായി വിവരങ്ങൾ തേടാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സമിതി ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം, സാങ്കേതിക തകരാറുകള്‍ക്കൊടുവില്‍ ഇന്ന് പ്രവര്‍ത്തന സജ്ജമായ സിബിഎസ്ഇ പോര്‍ട്ടലിനുനേരെ വ്യാപക സൈബര്‍ ആക്രമണത്തിന് നീക്കം. പുനർമൂല്യനിർണ്ണയ പോര്‍ട്ടലിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള നിരന്തര ശ്രമം പ്രതിരോധിച്ചെന്ന് സിബിഎസ്ഇ അവകാശപ്പെട്ടു. ഓൺസ്ക്രീൻ മാർക്കിങിനുള്ള കരാറില്‍ ക്രമക്കേട് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. ക്രമക്കേട് ഉന്നയിച്ച വിദ്യാര്‍ഥിയില്‍നിന്ന് പാര്‍ലമെന്‍ററി സമിതി വിവരം തേടി.
രണ്ടാഴ്ചയിലേറെയായി വിദ്യാര്‍ഥികളെ വലച്ച സാങ്കേതിക തകരാറുകള്‍ക്കൊടുവില്‍ ഇന്ന് പുലർച്ചെയാണ് പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായത്. പുനർമൂല്യനിർണ്ണയത്തിനും മാര്‍ക്ക് പരിശോധനയ്ക്കും ശനിയാഴ്ചവരെ അപേക്ഷ നല്‍കാം. ഉച്ചയ്ക്കുശേഷം മൂന്നുമണിവരെ പതിനാറായിരത്തിലേറെ വിദ്യാര്‍ഥികള്‍ വിജയകരമായി അപേക്ഷിച്ചെന്ന് സിബിഎസ്ഇ അറിയിച്ചു. സൈറ്റില്‍ നിലവില്‍ ഒരേസമയം എണ്ണായിരത്തിലധികം പേര്‍ക്കാണ് അപേക്ഷിക്കാനാവുക.
പോര്‍ട്ടലിന്‍റെ സുഗമമായ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ദുഷ്ടശക്തികളുടെ ഭാഗത്തുനിന്നും സൈബർ ആക്രമണങ്ങളുണ്ടായെന്ന് സിബിഎസ്ഇ വെളിപ്പെടുത്തി. സൈറ്റില്‍നിന്ന് അനധികൃതമായി ഫയൽ ആക്സസ് ചെയ്യാന്‍ ഒരു ലക്ഷത്തിലേറെത്തവണ ശ്രമം നടന്നു. 2 മിനിറ്റിനുള്ളിൽ പോർട്ടലിൽ 15 ലക്ഷം ഹിറ്റുകളുണ്ടായെന്നും സിബിഎസ്ഇ എക്സില്‍ കുറിച്ചു. പോര്‍ട്ടല്‍ ഇന്നലെ രാവിലെ സജ്ജമാകുമെന്നാണ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക തകരാറുകള്‍ വീണ്ടും വില്ലനായിരുന്നു. കൂടുതൽ വിദഗ്ധരുടെ സഹായത്തോടെയാണ് പ്രശ്നം പരിഹരിച്ചത്.
കോംപ്റ്റ് കമ്പനിക്ക് ഓൺസ്ക്രീൻ മാർക്കിങ് കരാര്‍ നല്‍കാന്‍ ടെണ്ടര്‍ വ്യവസ്ഥ മാറ്റിയതിന്‍റെ തെളിവുകള്‍ പുറത്തായി. വീഴ്ച വരുത്തുന്ന കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന ശുപാർശയുള്ള ആദ്യ ടെണ്ടര്‍ രേഖയും ഈ വ്യവസ്ഥ നീക്കം ചെയ്ത സെപ്റ്റംബറിലെ രേഖയുമാണ് പുറത്തുവന്നത്. ടെൻഡറില്‍ പരിശോധനയ്ക്ക് പ്രധാനമന്ത്രി വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായും വിവരമുണ്ട്. ടെണ്ടര്‍ ക്രമക്കേട് ആദ്യം ഉന്നയിച്ച ജാര്‍ഖണ്ഡുകാരനായ വിദ്യാര്‍ഥി സാർത്തക് സിദ്ധാന്ത് സിബിഎസ്ഇ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന വിദ്യാഭ്യാസ പാര്‍ലമെന്‍ററി സമിതിക്കുമുന്നില്‍ തന്‍റെ കണ്ടെത്തലുകള്‍ നേരിട്ട് അവതരിപ്പിച്ചു. ക്രമക്കേടില്‍ സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ട് എന്‍.എസ്.യു ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാൽപ്പര്യ ഹർജി നല്‍കി.