സമൂഹമാധ്യമങ്ങളിലെ കടുത്ത വാഗ്വാദങ്ങൾക്കും പരസ്പരമുള്ള വെല്ലുവിളികൾക്കും ഒടുവിൽ മലയാളി യുവാവ് ഷാർജയിൽ കൊല്ലപ്പെട്ടു. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടിയാണ് അൽ നഹ്ദയിലെ കാർ പാർക്കിങ് കേന്ദ്രത്തിൽ വെച്ച് അടിയേറ്റും കുത്തേറ്റും മരിച്ചത്. സംഭവത്തിൽ കൊല്ലം, കണ്ണൂർ സ്വദേശികളായ അഞ്ച് മലയാളികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.
ടിക് ടോക്കിൽ സജീവമായിരുന്ന ഇസ്മായിലും പ്രതികളും തമ്മിൽ ചില വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ ലൈവിലൂടെ പരസ്പരം കടുത്ത വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം രാവിലെ ഷാർജയിലെ ഒരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് ഇരുവിഭാഗവും തമ്മിൽ കടുത്ത വാഗ്വാദമുണ്ടായി. തുടർന്ന് സംഘം ചേർന്ന പ്രതികൾ മരപ്പലകയടക്കമുള്ള മാരകവസ്തുക്കൾ ഉപയോഗിച്ച് ഇസ്മായിലിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാൾ ഇസ്മായിലിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം.
ഗുരുതരാവസ്ഥയിൽ ഷാർജ അൽ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇസ്മായിൽ രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദുബായ് കരാമയിലെ ഒരു ബേക്കറിയിൽ ജീവനക്കാരനായിരുന്ന ഇസ്മായിലിന് നാട്ടിൽ ഭാര്യയും ഒരു മകനുമുണ്ട്. നിലവിൽ മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.