മുൻ മന്ത്രി കെ.ടി. ജലീൽ വിദ്യാർഥികളെ അപമാനിച്ചെന്ന ആക്ഷേപത്തിൽ, അദ്ദേഹത്തിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകി. വിദ്യാർഥിക്കോ കുടുംബത്തിനോ പരാതിയില്ലെങ്കിലും, ജലീലിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതിനാൽ നിയമനടപടികൾ ആരംഭിക്കാമെന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം.

ചടങ്ങിൽ കുട്ടികളുടെ വായനശീലം പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും അവരെ അപമാനിച്ചിട്ടില്ലെന്നും കെ.ടി. ജലീൽ പ്രതികരിച്ചു. അധ്യാപകൻ എന്ന നിലയിൽ വാത്സല്യത്തോടെയാണ് കുട്ടികളുടെ ചെവിയിൽ പിടിച്ചതെന്നും വേദനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കുട്ടികൾക്കോ രക്ഷിതാക്കൾക്കോ പരാതിയുണ്ടെങ്കിൽ അവർ പറയട്ടെ എന്നും, ഏതെങ്കിലും കുട്ടിയോട് അനുചിതമായി പെരുമാറിയെന്ന് തെളിഞ്ഞാൽ മാപ്പ് ചോദിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ കമ്മിഷൻ കേസെടുത്ത് തന്നെ ജയിലിലടച്ചാലും നേരിടാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ജലീൽ, ലീഗ് നേതാക്കളെ പരിഹസിക്കാനും ഈ അവസരം ഉപയോഗിച്ചു. ഈ സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ സജീവമായി തുടരുകയാണ്.

ENGLISH SUMMARY:

Former minister KT Jaleel faces allegations of insulting students, with a child protection officer reporting a lapse on his part. Despite no formal complaint from the students or their families, legal proceedings can be initiated based on the officer's findings.