കോഴിക്കോട് കൂടരിഞ്ഞിയിലെ ഇരട്ട കൊലപാതകത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. 40 വർഷം മുന്‍പ് കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി മോഹനന്‍ ആണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. പ്രതി മുഹമ്മദലിയുടെ  വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ആണ് തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ രണ്ടാമത്തെ കൊലപാതകത്തെ കുറിച്ച് നിലവിൽ സൂചനകൾ ഒന്നുമില്ല.

 

1986 നവംബറിൽ ഒരാളെ തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി  കൊലപ്പെടുത്തി എന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. ലൈംഗിക അതിക്രമം ചെറുക്കുന്നതിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത് എന്നും മുഹമ്മദലി പറഞ്ഞിരുന്നു. വെളിപ്പെടുത്തലിൽ മാസങ്ങളോളം ഇരുട്ടിൽ തപ്പിയ ശേഷമാണ് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനൻ ആണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. സാഹചര്യ തെളിവുകളും കുറ്റസമതം മൊഴിയും ഇത് ശരിവെക്കുന്നു. എന്നാൽ തൊട്ടടുത്ത വർഷം കോഴിക്കോട് കടപ്പുറത്ത് മറ്റൊരാളെ കൂടി കൊലപ്പെടുത്തി എന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം എങ്ങും എത്തിയിട്ടില്ല. 

 

മുഹമ്മദലി പറയുന്ന സമയത്ത് ഒരാൾ കൊല്ലപ്പെട്ടുവെന്ന പത്രവാർത്ത മാത്രമാണ് തെളിവായി കയ്യിലുള്ളത്. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ മുഹമ്മദലിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് ബന്ധുക്കൾ അടക്കം വെളിപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ മൊഴി പൂർണമായും വിശ്വാസത്തിൽ എടുക്കാതെ ആണ് പോലീസ് അന്വേഷണം നടത്തിയത്. ആദ്യ കൊലപാതകം തെളിഞ്ഞതോടെ രണ്ടാമതും കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പോലീസ് അറിയിച്ചു. ചെയ്ത കുറ്റത്തിന് എന്ത് ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണെന്ന് മുഹമ്മദലി അന്വേഷണസംഘത്തോടെ പറഞ്ഞു. 

ENGLISH SUMMARY:

A major breakthrough has emerged in the decades-old Koodaranji double murder case in Kozhikode. Police have identified the victim of a 1986 murder as Mohanan from Iritty, Kannur, based on revelations made by accused Muhammad Ali. While investigators have confirmed the first murder through circumstantial evidence and confessional statements, the probe into a second alleged killing remains unresolved. Authorities have now intensified the investigation into the cold case that remained a mystery for nearly four decades.