കൊല്ലത്തെ സിപിഎമ്മില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം. കൊല്ലം, കുണ്ടറ, ഇരവിപുരം നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇതിനു പുറമേ കുന്നത്തൂര്‍ ഏറ്റെടുക്കണമെന്ന ചിന്തയും കൊല്ലത്തെ സിപിഎമ്മില്‍ പ്രബലമായുണ്ട്.
കൊട്ടാരക്കരയില്‍ നിലവിലെ എം.എല്‍.എയും ധനകാര്യ വകുപ്പ് മന്ത്രിയുമായ കെ.എന്‍.ബാലഗോപാല്‍ മല്‍സരിക്കുമെന്നു ഉറപ്പിച്ചു. ചവറയില്‍ സുജിത് വിജയന്‍പിള്ളയും പ്രചാരണം ആരംഭിച്ചു. എം.എല്‍.എ മാര്‍ രണ്ടു ടേമായ കൊല്ലത്തു മുകേഷിനു പകരം പുതിയ സ്ഥാനാര്‍ഥിയെത്തുമെന്നു ഉറപ്പ്. ഇരവിപുരത്തു എം.നൗഷാദിനു ഇനിയൊരു അവസരം കൂടി നല്‍കണമോയെന്ന ചര്‍ച്ചയും സജീവം. ഇവിടെ സബിദാ ബീഗത്തിന്‍റെ പേരും നൗഷാദിനൊപ്പം പരിഗണിക്കുന്നുണ്ടെങ്കിലും നൗഷാദ് ഒരുവട്ടം കൂടി മല്‍സരിക്കുന്നതിനാണ് മുന്‍തൂക്കം. കൊല്ലത്ത് ആക്ടിങ്ങ് സെക്രട്ടറി എസ്.ജയമോഹന്‍, എക്സ് ഏണസ്റ്റ്, ഡി.ഷൈന്‍ദേവ്, ഡിവൈഎഫ്ഐ നേതാവ് എസ്.ആര്‍.രാഹുല്‍ ,ചിന്താ ജെറോം എന്നിവര്‍ പരിഗണനയിലുണ്ട്. കുണ്ടറയില്‍ ചിന്താ ജെറോം , എസ്.എല്‍.സജികുമാര്‍ എന്നിവര്‍ പരിഗണനയില്‍.
കുന്നത്തൂര്‍ ഏറ്റെടുക്കുമോ , അഞ്ച് തവണ മല്‍സരിച്ച കോവൂര്‍ കുഞ്ഞുമോനു തന്നെ വീണ്ടും സീറ്റ് നല്‍കുമോ എന്നതാണ് ഏറ്റവും പ്രധാനം. സീറ്റ് ഏറ്റെടുക്കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. കുഞ്ഞുമോന്‍റെ കയ്യിലുള്ള വ്യക്തിപരമായ വോട്ടാണ് സിപിഎമ്മിനെ ഇപ്പോഴും പിന്നോട്ടടിക്കുന്നത്. കുഞ്ഞുമോനെ മാറ്റിയാല്‍ സിപിഐയും സീറ്റിന് അവകാശവാദം ഉന്നയിച്ചേക്കും. സിഎംപിയില്‍ നിന്നു ചവറ സിപിഎം ഏറ്റെടുത്തപ്പോഴും സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നു. ഈ ആഴ്ച തന്നെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.