ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി സമാഗമത്തിന്‍റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി മാര്‍ച്ച് ആറിന് കൊല്ലത്തെത്തും. ശിവഗിരി  മഠവും കോണ്‍ഗ്രസിനു കീഴിലുള്ള രാജീവ് ഗാന്ധി പഠന കേന്ദ്രവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

 നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് മഹാത്മാഗാന്ധി – ശ്രീനാരായണ സംഗമത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുന്നത്.  ശിവഗിരിയില്‍ വെച്ച് മഹാത്മാഗന്ധിയും – ശ്രീനാരായണഗുരുവും വനജാക്ഷി മന്ദിരത്തില്‍ ഒരുമിച്ച് കണ്ടതിന്‍റെ നൂറുവര്‍ഷമാണ് ആഘോഷിക്കുന്നത്.  രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍  ശിവഗിരി മഠത്തിലെ സ്വാമിമാരും പങ്കെടുക്കും. 

ആലപ്പുഴ, തൃശൂര്‍, കൊല്ലം ജില്ലകളെ ക്രോഡീകരിച്ചാണ് മഹാസംഗമം നടത്തുന്നത്. നേരത്തെ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഗമം പിന്നെ കൊല്ലത്തേക്ക് മാറ്റുകയായിരുന്നു.    ഈഴവ വോട്ടുകള്‍ നിര്‍ണായകമായിരുന്ന കൊല്ലത്ത്   തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ പിടിച്ചെടുത്ത് വലിയ മുന്നേറ്റം നടത്തിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും മുന്നേറ്റം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇക്കാര്യം കൂടി കണക്കിലെടുത്താണ് രാഹുല്‍ ഗാന്ധിയെ തന്നെ ഉദ്ഘാടനത്തിനായി എത്തിക്കുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. 

ENGLISH SUMMARY:

Rahul Gandhi will visit Kollam on March 6th to attend the centenary celebration of the meeting between Sree Narayana Guru and Mahatma Gandhi. This event, jointly organized by Shivagiri Mutt and the Rajiv Gandhi Study Centre, is seen as a significant move by Congress ahead of the assembly elections.