കൊല്ലം ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും വന്യജീവി ആക്രമണം. കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68-കാരനായ ബഷീർ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചുമട്ടുതൊഴിലാളിയായ ബഷീർ നടന്നു പോകുന്നതിനിടെ ആറ് കടന്ന് എത്തിയ കാട്ടുപോത്ത് പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ബഷീറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം കൊമ്പിൽ കോർത്ത് ദൂരേക്ക് വലിച്ചെറിഞ്ഞതായാണ് വിവരം. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
വനംവകുപ്പിന്റെ അനാസ്ഥയാണ് ആക്രമണത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. അധികൃതർ എത്തുന്നതുവരെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. പുനലൂർ ഡി.എഫ്.ഒ ഷാജികുമാർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി നൽകും. ശേഷിക്കുന്ന അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിൽ നിന്നുൾപ്പെടെ അനുവദിക്കും.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവും നാട്ടുകാർ ശക്തമായി ഉന്നയിച്ചിട്ടുണ്ട്.