കൊല്ലത്ത് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മകള്‍. സിയാദിന്റെ മകളും ശ്രീജിത്ത് എന്ന പൊലീസ് ഉദ്യോഗസ്‌ഥനും തമ്മിലുള്ള ഫോൺ സംഭാഷണം കുടുംബം പുറത്തുവന്നു. വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയിലായിരുന്നു സിയാദിനെ കസ്റ്റഡിയിലെടുത്തിരുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സിയാദിനെ അവിടെവെച്ച് ശ്രീജിത്ത് മര്‍ദിക്കുകയായിരുന്നെന്നും ഇതേതുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ തന്നെ തന്‍റെ പിതാവിന് അസുഖമുള്ള കാര്യം പറഞ്ഞതല്ലേയെന്ന് കുട്ടി പൊലീസ് ഉദ്യോഗസ്‌ഥനോട് ചോദിക്കുന്നത് ഫോൺ സംഭാഷണത്തില്‍ കേള്‍ക്കാം. അന്ന് കസ്റ്റഡിയില്‍ കൊണ്ടുപോയി മര്‍ദിച്ചതാണ് മരണകാരണമെന്ന് കുട്ടി പറയുമ്പോള്‍ ശ്രീജിത്ത് അത് നിഷേധിക്കുന്നുമുണ്ട്. എന്നാല്‍ നട്ടെല്ലിനേറ്റ ക്ഷതമാണ് സിയാദിന് ഇന്‍ഫക്ഷന് കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞെന്നും കുട്ടി ചൂണ്ടികാണിക്കുന്നു. ഇതിനിടെ സിയാദിന് മർദനമേറ്റെന്ന് സ്ഥിരീകരിച്ച് പരാതിക്കാരിയായ പെൺകുട്ടിയും രംഗത്തെത്തി. ജീപ്പിൽ കയറ്റിയതിന് പിന്നാലെയായിരുന്നു മർദനം. സിയാദിനെ മർദിക്കുമ്പോൾ താനും ജീപ്പിൽ ഉണ്ടായിരുന്നുവെന്നും സിയാദ് നിലവിളിക്കുകയായിരുന്നുവെന്നും പരാതിക്കാരിയായ പെൺകുട്ടി പറഞ്ഞു.
അതേസമയം, സിയാദിന് നേരത്തെയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ വാദം. ജൂൺ 16ന് രാത്രിയിൽ കസ്റ്റഡിയിലെടുത്ത സിയാദിനെ 17ന് രാവിലെ 8:45നാണ് വിട്ടയച്ചത്. ഈ സമയം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് ആഴ്ചകൾക്ക് ശേഷമാണ് ചികിത്സ തേടിയത്. മരണം സംഭവിക്കുന്നത് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച 38 ദിവസങ്ങൾക്ക് ശേഷമാണ്. അതോടൊപ്പം മരണകാരണം മഞ്ഞപ്പിത്തം ആണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടെന്നും പൊലീസ് അവകാശപ്പെടുന്നു.
ജൂൺ 16ന് കുണ്ടറയിൽ വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ കസ്റ്റഡിയിൽ എടുത്തത്. വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് സിയാദിനെ വിട്ടയച്ചു. സംഭവത്തില്‍ ഡ്രൈവറായിരുന്ന സിയാദിന് ബന്ധമുണ്ടായിരുന്നില്ല. കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച സിയാദിന് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായി ദിവസങ്ങള്‍ക്കകം മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഡിജിപിയോട് ആഭ്യന്തരമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. സിയാദിന് കസ്റ്റഡിയിൽ മർദ്ദനം ഏറ്റിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാന്‍ കൊല്ലം റൂറൽ എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.