ഉത്തർപ്രദേശിൽ അഞ്ചുവയസ് മാത്രമുള്ള ആൺകുട്ടിയെ കത്തി ചൂടാക്കി പൊള്ളിച്ച അദ്ധ്യാപികയെ സ്കൂളിൽ നിന്ന് പുറത്താക്കി. പ്ലേ സ്കൂൾ വിദ്യാർത്ഥിയാണ് വാരാണസിയിൽ ക്രൂരതയ്ക്ക് ഇരയായത്. പാന്റിൽ അറിയാതെ മൂത്രമൊഴിച്ചതിന് വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പൊള്ളലേറ്റ പാട് കണ്ട മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ അദ്ധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ലാൽപൂർ-പാണ്ഡേപൂർ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് അതുൽ സിംഗ് ശനിയാഴ്ച പറഞ്ഞു.
കുട്ടി മൂത്രമൊഴിക്കാൻ പോകാനായി ആദ്യം അദ്ധ്യാപികയോട് അനുമതി ചോദിച്ചിരുന്നു. എന്നാൽ അദ്ധ്യാപിക ഇതിന് അനുമതി നൽകിയില്ല. ഇതോടെയാണ് കുട്ടി പാന്റിൽ മൂത്രമൊഴിച്ചതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. തന്റെ ഭാര്യ സ്കൂളിലെ പ്രിൻസിപ്പലുമായി സംസാരിച്ചപ്പോൾ, അധ്യാപകനെതിരെ നടപടിയെടുക്കുന്നതിനുപകരം, അവർ തങ്ങളെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.