മധ്യകേരളത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടം വീറുറ്റതാക്കാന്‍ ലക്ഷ്യമിട്ട് സുപ്രധാന നീക്കങ്ങളുമായി ബിജെപി. എന്‍ഡിഎയുടെ ഓഫീസ് കൊച്ചിയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാവിലെ ഉദ്ഘാടനം ചെയ്യും. ക്രൈസ്തവസഭാ നേതൃത്വവുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും. ഭൂമി പ്രശ്നം വീണ്ടും സജീവമാക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വൈകീട്ട് മുനമ്പത്തെത്തും. 

ട്വന്‍റി ട്വന്‍റിയുടെ വരവോടെ മധ്യകേരളത്തില്‍ എന്‍ഡിഎയുടെ കരുത്ത് ഗണ്യമായി വര്‍ധിച്ചതായാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ ഏകോപിപ്പിക്കാന്‍ മധ്യകേരളത്തില്‍ പ്രത്യേകം ഓഫീസ് തുറന്ന് പ്രവര്‍ത്തനം വിപുലമാക്കുകയാണ് എന്‍ഡിഎ. കേന്ദ്രമന്ത്രി കിരണ്‍ റിജിജു തൃക്കാക്കരയില്‍ മേഖല ഓഫീസ് ഉദ്ഘാടനം ചെയ്യും. ബിഡിജെഎസിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ആലപ്പുഴയിലും എന്‍ഡിഎ പ്രത്യേക ഓഫീസ് തുറക്കും. കാക്കനാട് സിറോ മലബാര്‍ സഭാ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ടിലെത്തി സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തും. 

വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയശേഷം മുനമ്പത്തുനടന്ന ആഹ്ളാദപ്രകടനത്തില്‍ പങ്കെടുത്തുമടങ്ങിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു വീണ്ടും കൊച്ചിയിലെത്തുമ്പോള്‍ മുനമ്പം ഭൂമി പ്രശ്നവും വീണ്ടും ചര്‍ച്ചയാകും. വഖഫ് നിയമം ഭേദഗതി ചെയ്തതുകൊണ്ട് മുനമ്പത്തുകാര്‍ക്ക് നേരിട്ട് ഗുണം ലഭിച്ചിട്ടില്ലെന്നാണ് പൊതുവിലയിരുത്തല്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ അനുകൂലവിധിയെത്തുടര്‍ന്ന് മുനമ്പത്തുകാര്‍ കരം അടച്ചു. ഭൂസംരക്ഷണസമിതി സമരം അവസാനിപ്പിച്ചു. ട്രൈബ്യൂണലിന്‍റെ അന്തിമവിധിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ പിന്തുണയോടെ മറ്റൊരുസമരം തുടരുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കം നേതാക്കള്‍ വൈകീട്ട് മുനമ്പത്തെത്തി ഈ സമരത്തിന് പിന്തുണ പ്രഖ്യാപിക്കും. 

ENGLISH SUMMARY:

BJP Kerala is strategizing to intensify the election battle in Central Kerala. Union Minister Kiran Rijiju will inaugurate the NDA office in Kochi and hold discussions with Christian church leadership, aiming to revitalize land issues.